ADVERTISEMENT

ചങ്ങനാശേരി ∙ മന്നത്ത് പത്മനാഭൻ ജീവിതകാലം മുഴുവൻ ചെയ്ത പ്രവർത്തനങ്ങൾ സ്വന്തം സമുദായത്തിനു വേണ്ടി മാത്രമായിരുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എന്നാൽ ചരിത്രവും ലേഖനവും എഴുതുന്ന കമ്യൂണിസ്റ്റുകാർ മന്നത്ത് പത്മനാഭനെ വർഗീയവാദിയായാണു കണ്ടിരുന്നത്. ചരിത്രം പോലും അവർ മാറ്റിയെഴുതുന്നു. സമുദായാംഗങ്ങൾ ഇത്തരം നിലപാടുകൾ തിരിച്ചറിയണമെന്നും സുകുമാരൻ നായർ പറഞ്ഞു. മന്നം സമാധിദിനാചരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘അധഃസ്ഥിതവർഗത്തെ കൈപിടിച്ചുയർത്താൻ മന്നത്ത് പത്മനാഭൻ നിരന്തരം പോരാടി. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും വിമോചനസമരത്തിലെ നേതൃത്വവും നവോത്ഥാന നായകൻ എന്ന നിലയിലുള്ള വ്യക്തിത്വത്തിൽ നിഴൽ വീഴ്ത്തുന്നതാണെന്ന ‘ദേശാഭിമാനി’ ലേഖനത്തിലെ‍ പരാമർശം ഒരു പ്രത്യേക പാർട്ടിയുടെ മാത്രം അഭിപ്രായമായി കണ്ടാൽ മതി. അതു ജനങ്ങളുടെ അഭിപ്രായമല്ലെന്നു തിരിച്ചറിയണം. സമാധിദിനത്തിനു മുൻപ് അതു പ്രസിദ്ധീകരിക്കാൻ അവരെ പ്രേരിപ്പിക്കുന്ന ശക്തിയെന്താണെന്നും തിരിച്ചറിയണം. മന്നത്ത് പത്മനാഭനെ വർഗീയവാദിയെന്ന് ആദ്യം വിശേഷിപ്പിച്ചതും ഇന്നും വിശേഷിപ്പിക്കുന്നതുമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഇതിന്റെ പിന്നിലെല്ലാം നിൽക്കുന്നത്. ഈ തെറ്റായ നടപടിക്കെതിരെ ഏതറ്റം വരെയും പോകാൻ തയാറാണ്’ – സുകുമാരൻ നായർ പറഞ്ഞു.

സാമൂഹികനീതിക്കായി മന്നത്ത് പത്മനാഭൻ ഇറങ്ങിയില്ലായിരുന്നെങ്കിൽ കേരളത്തിൽ നവോത്ഥാനം സാധ്യമാകുമായിരുന്നില്ല. സാമൂഹികനീതി നടപ്പാക്കുന്നതെങ്ങനെയെന്നു രാഷ്ട്രീയ പാർട്ടികൾ അദ്ദേഹത്തെ കണ്ടുപഠിക്കണം. മന്നം ഒരു സമുദായത്തിന്റേതു മാത്രമല്ല; ഒരു സമൂഹത്തിന്റേതും രാജ്യത്തിന്റേതുമായിരുന്നു. എൻഎസ്എസിനു രാഷ്ട്രീയമില്ല; ഒരു രാഷ്ട്രീയ പാർട്ടിയോടും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

English Summary:

Sukumaran Nair against Communist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com