മോദിയെ പുകഴ്ത്തിയും വിമർശിച്ചും പ്രേമചന്ദ്രൻ
Mail This Article
കൊല്ലം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിർവഹണം കൃത്യമായി നടപ്പാകുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ. കുണ്ടറ പള്ളിമുക്കിലെ റെയിൽവേ മേൽപാലത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രസംഗിക്കുമ്പോഴായിരുന്നു പ്രേമചന്ദ്രന്റെ പരാമർശം. കൃത്യമായ ഇടവേളകളിൽ പദ്ധതിയുടെ പുരോഗതി പ്രധാനമന്ത്രിയുടെ ഓഫിസ് നിരീക്ഷിക്കാറുണ്ടെന്നു പ്രേമചന്ദ്രൻ പറഞ്ഞു. ഇതോടെ സദസ്സിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ അനുകൂലിച്ചു മുദ്രാവാക്യം വിളിച്ചു. ജില്ലയിലെ 4 റെയിൽവേ മേൽപാലങ്ങളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചത്.
അതേസമയം, സമരാഗ്നി ജാഥയ്ക്ക് കൊല്ലത്തു നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കവേ പ്രേമചന്ദ്രൻ മോദിയെ രൂക്ഷമായി വിമർശിച്ചു. ഒരിക്കൽക്കൂടി നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ തന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റ് കന്റീനിൽ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് പ്രേമചന്ദ്രൻ ഉച്ചഭക്ഷണം കഴിച്ചത് ചർച്ചയായിരുന്നു.