ഉത്തർപ്രദേശിൽ മത്സരിച്ചിരുന്ന മണ്ഡലം പോയി; മത്സരിക്കാൻ ആരിഫ് മുഹമ്മദ് ഖാന് ആവേശവുമില്ല
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവച്ചു യുപിയിൽനിന്നു മത്സരിക്കുമോ എന്ന ചോദ്യം വീണ്ടും സജീവമായി. എന്നാൽ ലോക്സഭയിലേക്കു മത്സരിക്കാനില്ല എന്നാണ് അദ്ദേഹം അടുപ്പമുള്ളവരെ അറിയിച്ചത്. അദ്ദേഹത്തിന്റെ പഴയ മണ്ഡലം വിഭജിക്കപ്പെട്ടു. മത്സരിക്കണമെങ്കിൽ പുതിയ മണ്ഡലം കണ്ടെത്തണം.
പല കാരണങ്ങൾ കൊണ്ടും ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ താൻ ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് ഗവർണർ സൂചിപ്പിച്ചത്. ഈ സാഹചര്യത്തിൽ ഗവർണർ സ്ഥാനം രാജിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്ന പരസ്യ നിലപാട്.
നരേന്ദ്ര മോദിയുടെ ആദ്യ സർക്കാരിന്റെ കാലത്തു മന്ത്രിസഭയിലേക്ക് ആരിഫ് മുഹമ്മദ് ഖാനെ പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു. എന്നാൽ അതു നടന്നില്ല. തുടർന്ന് ഏതാനും വർഷം പത്മ അവാർഡ് നിശ്ചയിക്കുന്ന കമ്മിറ്റിയിൽ അംഗമായിരുന്നു. അതിനു ശേഷമാണ് കേരള ഗവർണറായി നിയമിച്ചത്. സജീവ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്നതിനാൽ വീണ്ടുമൊരു ലോക്സഭാ പോരാട്ടത്തിന് ഇറങ്ങുന്ന കാര്യത്തിൽ ആരിഫ് മുഹമ്മദ് ഖാന് ആശങ്കയുണ്ട്. മോദി ആവശ്യപ്പെട്ടാൽ അനുസരിക്കും എന്ന നിലപാടിലാണ് അദ്ദേഹം.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഗവർണർ സ്ഥാനമൊഴിഞ്ഞ ശേഷം രാജ്യസഭ വഴി കേന്ദ്ര മന്ത്രിസഭയിൽ എത്തിയാലും അദ്‌ഭുതപ്പെടാനില്ല. 2024 സെപ്റ്റംബർ 5നാണ് ഗവർണർ പദവിയിൽ അദ്ദേഹം 5 വർഷം പൂർത്തിയാക്കുന്നത്.