വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ ദുരൂഹമരണം: പ്രതികൾ എസ്എഫ്ഐ നേതാക്കൾ; കണ്ടെത്താനാവുന്നില്ലെന്നു പൊലീസ്
Mail This Article
കൽപറ്റ ∙ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥിനെ(20) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതികളെ 10 ദിവസത്തിനു ശേഷവും കണ്ടെത്താനാകാതെ പൊലീസ്. കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുൾപ്പെടെ 12 പേരാണ് പ്രതികൾ. തിരച്ചിൽ ഉൗർജിതമാക്കിയതായി പൊലീസ് പറയുമ്പോഴും കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
24നു വൈകിട്ട് വരെ പ്രതികളിൽ ഭൂരിഭാഗവും ക്യാംപസിലുണ്ടായിരുന്നെന്ന് വിദ്യാർഥികൾ പറയുന്നു. പ്രതികളെ സംരക്ഷിക്കാൻ കോളജ് അധികൃതരും പൊലീസും ഇടപെടൽ നടത്തുന്നതായി തുടക്കത്തിൽതന്നെ ആക്ഷേപം ഉയർന്നിരുന്നു. പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സൗകര്യമൊരുക്കിയതിനു ശേഷമാണ് പൊലീസ് അന്വേഷണം ഉൗർജിതമാക്കിയതെന്നും ഒരുവിഭാഗം വിദ്യാർഥികൾ പറഞ്ഞു. എന്നാൽ, പരാതി ലഭിച്ചപ്പോൾത്തന്നെ അന്വേഷണം നടത്തി കുറ്റക്കാരെ സസ്പെൻഡ് ചെയ്തുവെന്നും സിദ്ധാർഥിനു മർദനമേറ്റ വിവരം അപ്പോൾ ആരും അറിയിച്ചിരുന്നില്ലെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം പ്രതികളുടെ വീടുകളിൽ അന്വേഷണസംഘമെത്തിയെങ്കിലും തെളിവു ലഭിച്ചില്ല. റാഗിങ്ങിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അസൂയ ഉണർത്തുന്ന മികവുകൾ
തിരുവനന്തപുരം ∙ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എത്തിയ വർഷം തന്നെ ക്ലാസ് റെപ്രസന്റേറ്റീവ്, ഫൊട്ടോഗ്രഫിയിലെ മികവ് കണക്കിലെടുത്ത് സർവകലാശാലയുടെ ഒൗദ്യോഗിക ഫൊട്ടോഗ്രഫർ എന്ന സ്ഥാനം, ചിത്രം വരയ്ക്കുന്നതിൽ മിടുക്കൻ– സിദ്ധാർഥിന്റെ ഇൗ കഴിവുകളാണ് എസ്എഫ്ഐ സംഘത്തെ അസൂയപ്പെടുത്തിയതെന്നും അക്രമത്തിലേക്കു നയിച്ചതെന്നും ബന്ധുക്കൾ സംശയിക്കുന്നു. കുട്ടിക്കാലത്തു തന്നെ പഠിക്കാൻ മിടുക്കനായിരുന്നു സിദ്ധാർഥ്. ഗൾഫിൽ ജോലി ചെയ്താണ് പിതാവ് സിദ്ധാർഥിനെയും പത്താം ക്ലാസുകാരനായ അനുജനെയും പഠിപ്പിച്ചത്. എൻട്രൻസിലൂടെ വെറ്ററിനറി കോളജിൽ പ്രവേശനം ലഭിച്ചപ്പോൾ കുടുംബത്തിന്റെ പ്രതീക്ഷ ഇരട്ടിക്കുകയായിരുന്നു.
ദുരൂഹതയ്ക്കു കാരണങ്ങൾ
∙ 18ന് ഉച്ചയ്ക്ക് 12.15 അമ്മ വിളിച്ചപ്പോൾ സിദ്ധാർഥ് വളരെ സന്തോഷത്തോടെ സംസാരിച്ചു. എന്നാൽ, 2.20ന് ആത്മഹത്യ ചെയ്തതായി സീനിയർ വിദ്യാർഥി വിളിച്ചറിയിച്ചു. ഇൗ സമയത്തിനുള്ളിൽ സംഭവിച്ചതെന്ത്?
∙ സീനിയർ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ആക്രമണമാണു മരണത്തിനു കാരണമെന്നു സഹപാഠികൾ ബന്ധുക്കളെ രഹസ്യമായി അറിയിച്ചു. കോളജിൽ നടന്ന സംഭവങ്ങൾ പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിയുണ്ടെന്നും ഇവർ ബന്ധുക്കളോടു പറഞ്ഞു.
∙ ശരീരത്തിലെ പരുക്കുകൾ ചൂണ്ടിക്കാട്ടിയിട്ടും സാധാരണ മരണമാണെന്ന ലോക്കൽ പൊലീസിന്റെ തുടക്കത്തിലെ നിലപാട് രാഷ്ട്രീയ സ്വാധീനം കാരണമെന്നു ബന്ധുക്കൾ.
∙ സംസ്കാരച്ചടങ്ങുകൾക്കായി എത്തിയ വിദ്യാർഥികളോട് ബന്ധുക്കളോട് ഒന്നും പറയരുതെന്ന് അധ്യാപകർ വിലക്കി.
∙ കോളജിൽ ചില വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ആക്രമണമാണു മരണകാരണമെന്ന പിടിഎ ഭാരവാഹിയുടെ നിലപാട്.