ടി.പി കേസ്: ശിക്ഷ കടുപ്പിച്ചു; 6 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
Mail This Article
കൊച്ചി ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ 6 പ്രതികൾക്കു ഹൈക്കോടതി ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി എന്നിവർക്കും ഏഴാം പ്രതി കെ. ഷിനോജിനുമാണു ഗൂഢാലോചനക്കുറ്റത്തിനുകൂടി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. അതേസമയം, രണ്ടു ജീവപര്യന്തവും ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി കഠിനതടവ് അനുഭവിക്കണം.
സംഘം ചേർന്നു കൊലപ്പെടുത്തിയതിന് വിചാരണക്കോടതി ഇവർക്കു വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി നേരത്തേ ശരിവച്ചിരുന്നു. ഈ കുറ്റത്തിന് ഇവർക്കുള്ള പിഴശിക്ഷ അരലക്ഷം രൂപയിൽനിന്ന് ഒരു ലക്ഷമായി വർധിപ്പിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവുശിക്ഷ. വിചാരണക്കോടതി വിട്ടയച്ചെങ്കിലും ഹൈക്കോടതി ഗൂഢാലോചനക്കുറ്റം കണ്ടെത്തിയ പത്താം പ്രതി കെ.കെ.കൃഷ്ണൻ, പന്ത്രണ്ടാം പ്രതി ജ്യോതിബാബു എന്നിവർക്കു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു.
കൊലക്കുറ്റത്തിന് ആറാംപ്രതി എസ്.സിജിത്തിനു ജീവപര്യന്തം ശിക്ഷയ്ക്കുപുറമേ വിധിച്ചിരുന്ന 50,000 രൂപ പിഴ ഒരു ലക്ഷമാക്കി. ഗൂഢാലോചനക്കുറ്റം തെളിഞ്ഞിരുന്ന സിപിഎം നേതാക്കളായ എട്ടാം പ്രതി കെ.സി.രാമചന്ദ്രനും 11–ാം പ്രതി ട്രൗസർ മനോജനും ജീവപര്യന്തത്തിനു പുറമേ വിധിച്ചിരുന്ന ഒരു ലക്ഷം രൂപ വീതം പിഴ രണ്ടു ലക്ഷം വീതമാക്കി. 18–ാം പ്രതി വാഴപ്പടച്ചി റഫീഖിന് കൊലപാതക പ്രേരണക്കുറ്റത്തിനു ജീവപര്യന്തത്തിനു പുറമേ വിധിച്ച അര ലക്ഷം രൂപ പിഴ ഒരു ലക്ഷമാക്കി. പിഴ ഒടുക്കിയില്ലെങ്കിൽ ഇവർ രണ്ടുവർഷംകൂടി കഠിനതടവ് അനുഭവിക്കണമെന്നും ജസ്റ്റിസുമാരായ ഡോ. ജയശങ്കരൻ നമ്പ്യാർ, ഡോ. കൗസർ എടപ്പഗത്ത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കുഞ്ഞനന്തന്റെ കുടുംബവും പിഴ നൽകണം
കൊച്ചി ∙ 13-ാം പ്രതി പരേതനായ പി.കെ.കുഞ്ഞനന്തനു വിചാരണക്കോടതി വിധിച്ച ഒരു ലക്ഷം രൂപ പിഴ കുടുംബം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞനന്തൻ ജയിലിലായിരിക്കെ 2020 ൽ മരിച്ചിരുന്നു. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയ്ക്കു വിചാരണക്കോടതി നിർദേശിച്ച 3 ലക്ഷം രൂപ നഷ്ടപരിഹാരം 7.5 ലക്ഷമായും മകൻ അഭിനന്ദിനു നിർദേശിച്ചിരുന്ന 2 ലക്ഷം രൂപ 5 ലക്ഷമായും ഹൈക്കോടതി വർധിപ്പിച്ചു.
∙ ‘മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെട്ടെന്നു കരുതുന്നില്ല. അതിനാൽ മേൽക്കോടതിയിലേക്കു പോകും. ഗൂഢാലോചന ഇനിയും പുറത്തുവരാനുണ്ട്.’ – കെ.കെ.രമ