മോൻസൻ മാവുങ്കലിന്റെ 1.88 കോടി രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി; കണ്ടുകെട്ടിയതു താൽക്കാലികമായി
Mail This Article
കൊച്ചി∙ വ്യാജ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 1.88 കോടി രൂ പയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) താൽക്കാലികമായി കണ്ടുകെട്ടി. തട്ടിപ്പിലൂടെ നേടിയ കള്ളപ്പണം ഉപയോഗിച്ചു വാങ്ങിയതായി കരുതുന്ന വീടും കെഎസ്എഫ്ഇ നിക്ഷേപങ്ങളുമാണു കണ്ടുകെട്ടിയത്.
വ്യാജ പുരാവസ്തുക്കൾ വിൽപന നടത്തിയതിനും ബിസിനസിൽ വിദേശത്തെ രാജകുടുംബത്തിൽ നിന്നു കോടിക്കണക്കിനു രൂപ ലഭിച്ചതായി തെറ്റിദ്ധരിപ്പിക്കാൻ ബാങ്കിന്റെ വ്യാജരേഖയുണ്ടാക്കി പണംതട്ടിച്ചതിനും കേരള പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ തുടർനടപടി.
തട്ടിയെടുത്ത പണം കള്ളപ്പണമായി സൂക്ഷിച്ചതു കണ്ടുകെട്ടിയില്ലെങ്കിൽ ഈ പണം പരാതിക്കാർക്കു നഷ്ടപ്പെടും. ഇതു തടയാനാണ് ഇ.ഡി. നേരിട്ടു കേസ് റജിസ്റ്റർ ചെയ്യാത്ത ഇത്തരം കേസുകളിലും പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത്. ഇ.ഡി. നടത്തിയ അന്വേഷണത്തിലും മോൻസൻ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയിരുന്നു. 1.88 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ മാത്രമാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം കൂട്ടുപ്രതികളായ കേസിൽ ഇ.ഡിയുടെ തുടരന്വേഷണം അവരിലേക്കും നീളും.