ടിപി വധത്തെപ്പറ്റി ഹൈക്കോടതി: ഹീനം; ദയ അർഹിക്കാത്ത കുറ്റം
Mail This Article
കൊച്ചി ∙ രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾക്കു നേരെ ഭീഷണിയുയർത്തുന്നതാണ് ടി.പി. ചന്ദ്രശേഖരന്റെ ഹീനമായ കൊലപാതകമെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കുമ്പോൾ പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ലെന്നും ഹൈക്കോടതി. ഗൂഢാലോചന നടത്തി അതീവ മൃഗീയമായാണു ടി.പി. ചന്ദ്രശേഖരനെ വധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
വിയോജിപ്പിന്റെ സ്വരത്തെ നിശ്ശബ്ദമാക്കാൻ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യത്തെ ജനങ്ങൾക്കെതിരെയും സമൂഹത്തിനെതിരെയുമുള്ള കുറ്റകൃത്യമായി കാണണം. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കുന്നതു തടയുന്ന കുറ്റകൃത്യങ്ങളെ ശക്തമായി തടയണം. നിയമവാഴ്ച നിലനിലനിൽക്കുന്ന സമൂഹത്തിന് അത് അനുവദിക്കാനാവില്ല. ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ഭരണഘടന പ്രകാരം അംഗീകരിക്കേണ്ടതുണ്ട്– കോടതി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അപൂർവങ്ങളിൽ അപൂർവങ്ങളായിട്ടുള്ള കേസാണോ ഇതെന്നു പരിഗണിച്ചതെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കുമ്പോൾ ശിക്ഷയുടെ കാര്യത്തിൽ പ്രതികൾ ദയ അർഹിക്കുന്നില്ല. എന്നാൽ, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ, പ്രതികളെ പരിവർത്തനത്തിനു വിധേയമാക്കി സമൂഹത്തിൽ പുനരധിവസിപ്പിക്കാൻ സാധ്യതയുണ്ടോയെന്നത് വധശിക്ഷ നൽകുംമുൻപ് ഗൗരവമായും ആത്മാർഥമായും കോടതികൾ പരിശോധിക്കണം. പ്രോസിക്യൂഷനും കോടതികളുമാണ് ക്രിമിനലിനെ നവീകരണത്തിനു വിധേയനാക്കി സമൂഹത്തിൽ പുനരധിവസിപ്പിക്കാനാവൂമോയെന്നു തീരുമാനിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
എം.സി. അനൂപ് (1–ാം പ്രതി) കിർമാണി മനോജ് (2) ടി.കെ.രജീഷ് (4) കെ.സി.രാമചന്ദ്രൻ (8) ട്രൗസർ മനോജൻ (11) വാഴപ്പടച്ചി റഫീഖ് (18) എന്നീ പ്രതികളുടെ ജയിലിലെ പെരുമാറ്റം തൃപ്തികരമാണെന്നാണു റിപ്പോർട്ട് ലഭിച്ചത്. കൊടി സുനിയെ (3) അച്ചടക്ക നടപടിയുടെ ഭാഗമായി വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്കു മാറ്റിയെന്നാണു തവനൂർ ജയിൽ സൂപ്രണ്ട് അറിയിച്ചതെന്നും കോടതി പറഞ്ഞു.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നാണ് ഇവർ വരുന്നതെന്നാണു പ്രബേഷൻ ഓഫിസർ റിപ്പോർട്ട് നൽകിയത്. രണ്ടും ഏഴും പ്രതികൾ ഒഴികെ ബാക്കിയുള്ളവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചു. നവീകരണത്തിനുള്ള സാധ്യതയല്ലാതെ ശിക്ഷ കുറയ്ക്കാൻ മറ്റു ഘടകങ്ങൾ കാണുന്നില്ല. നവീകരണത്തിനു സാധ്യതയില്ലെന്നു തെളിയിക്കുന്ന വസ്തുതകളും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ല. തുടർന്നാണ് വധശിക്ഷ നൽകേണ്ടതില്ലെന്ന നിഗമനത്തിൽ എത്തിയതെന്ന് കോടതി വ്യക്തമാക്കി.