അങ്കത്തട്ട് മാറ്റി ലീഗ് സിറ്റിങ് എംപിമാർ; ഇ.ടി. മലപ്പുറത്ത്, സമദാനിക്ക് പൊന്നാനി
Mail This Article
മലപ്പുറം ∙ കേരളത്തിലെ സിറ്റിങ് എംപിമാരെ മണ്ഡലംമാറ്റി മത്സരിപ്പിക്കാൻ മുസ്‌ലിം ലീഗ് തീരുമാനം. ഇ.ടി.മുഹമ്മദ് ബഷീർ മലപ്പുറത്തും എം.പി.അബ്ദുസ്സമദ് സമദാനി പൊന്നാനിയിലും മത്സരിക്കും. ഇ.ടി. പൊന്നാനിയിലെയും സമദാനി മലപ്പുറത്തെയും സിറ്റിങ് എംപിമാരാണ്. കേരളത്തിന് പുറത്ത് പാർട്ടിയുടെ ഏക സിറ്റിങ് എംപിയായ നവാസ് ഗനി തമിഴ്നാട്ടിലെ രാമനാഥപുരത്ത് വീണ്ടും ജനവിധി തേടും. യുഡിഎഫിലെ ധാരണയുടെ ഭാഗമായി ജൂലൈയിൽ ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗമാണ് തീരുമാനമെടുത്തത്. തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുടെ ഭാഗമായ ലീഗിന് അവിടെ ഒരു രാജ്യസഭാ സീറ്റ് ലഭിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് നേതാക്കൾ അറിയിച്ചു.
രണ്ടു മണ്ഡലങ്ങളിലൊന്നിലേക്ക് യുവ നേതാക്കളെ പരിഗണിക്കണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം ചർച്ചചെയ്തെങ്കിലും മുതിർന്ന നേതാക്കൾക്ക് ഒരു അവസരംകൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു. ജൂലൈയിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് യുവ നേതാക്കളിലൊരാൾക്ക് നൽകുമെന്നാണു സൂചന. പൊന്നാനിയിലും മലപ്പുറത്തും നിലവിലെ സാഹചര്യത്തിന് യോജ്യരായ സ്ഥാനാർഥികളെന്ന നിലയിലാണ് മണ്ഡലങ്ങൾ വച്ചുമാറാൻ തീരുമാനമുണ്ടായത്. ഇ.ടിയുടെ ജന്മദേശം മലപ്പുറം മണ്ഡലത്തിലും സമദാനിയുടേത് പൊന്നാനിയുമാണെന്നതും പരിഗണിച്ചു.
ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറിയായ ഇ.ടി.മുഹമ്മദ് ബഷീർ നാലാം തവണയാണ് ലോക്സഭയിലേക്ക് ജനവിധി തേടുന്നത്. മൂന്നു തവണ പൊന്നാനിയിൽനിന്നു ജയിച്ച അദ്ദേഹം 4 തവണ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു മന്ത്രിസഭകളിലായി 7 വർഷം മന്ത്രി സ്ഥാനവും വഹിച്ചു. പാർലമെന്റിന്റെ ഇരുസഭകളിലും നിയമസഭയിലും അംഗമായതിന്റെ അപൂർവ നേട്ടവുമായാണ് സമദാനി ലോക്സഭയിലേക്ക് രണ്ടാം അങ്കത്തിനിറങ്ങുന്നത്. 2021ൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലായിരുന്നു ആദ്യ മത്സരം. പാർട്ടി അഖിലേന്ത്യാ സീനിയർ വൈസ് പ്രസിഡന്റാണ്.