പിഎഫ് പെൻഷൻ: 2017നു മുൻപ് വിരമിച്ചവർക്ക് വലിയ നഷ്ടമില്ല
Mail This Article
കോഴിക്കോട് ∙ ഇന്നലെ പിപിഒ ലഭിച്ചവരിൽ 2017നു മുൻപു വിരമിച്ചവരുടെ പെൻഷനിൽ വലിയ നഷ്ടം വരുന്നില്ല. അവസാന 60 മാസ ശരാശരിയും 2014 സെപ്റ്റംബറിനു മുൻപുള്ള ഉയർന്ന ശമ്പളവും തമ്മിൽ വലിയ വ്യത്യാസമുണ്ടാകില്ല എന്നതാണു കാരണം. അതേസമയം, 2020നു ശേഷം വിരമിച്ചവരിൽ പലർക്കും 20 ശതമാനത്തിനു മുകളിൽ നഷ്ടമുണ്ട്. വിരമിക്കുന്ന വർഷം മുന്നോട്ടു പോകുന്തോറും നഷ്ടം കൂടിവരികയാണു ചെയ്യുക. പെൻഷനിൽ വൻ നഷ്ടം വരുത്തിവയ്ക്കുന്ന ഇപിഎഫ്ഒയുടെ കണക്കുകൂട്ടൽ രീതിക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പെൻഷൻകാർ.
ഇന്നലെ നൽകിയ പിപിഒകളിൽ നിന്ന് പെൻഷൻ കുറഞ്ഞതിന് ഒരു ഉദാഹരണം ചുവടെ.
2020 ജൂലൈ 21നു വിരമിച്ച ഹിൻഡാൽകോ ജീവനക്കാരന്റെ പെൻഷനബിൾ സർവീസ് 23 വർഷം 7 മാസം, 8 ദിവസം. 20 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളതിനാൽ 2 വർഷം വെയ്റ്റേജും ലഭിക്കും (ആകെ ഉദ്ദേശം 9,345 ദിവസം). ഇദ്ദേഹത്തിന്റെ വിരമിക്കുമ്പോഴുള്ള ശമ്പളം 27,286 രൂപയുണ്ടെങ്കിലും അവസാന 60 മാസ ശരാശരി 21,832 രൂപയായി കുറഞ്ഞു.
സുപ്രീം കോടതി അംഗീകരിച്ച ഫോർമുല പ്രകാരം 7985 രൂപ പെൻഷൻ ലഭിക്കണം. അതായത് (9,345x21,832)/(70x365). ഇദ്ദേഹത്തിന് പെൻഷൻ പദ്ധതി തുടങ്ങിയ 1995 നവംബറിനു മുൻപും 13 വർഷത്തിലേറെ സർവീസ് ഉള്ളതിനാൽ ചെറിയ തുക പാസ്റ്റ് സർവീസ് ബെനിഫിറ്റും ലഭിക്കും. അതുകൂടി ചേർത്ത് 8400 രൂപയോളം പെൻഷൻ കിട്ടേണ്ട സ്ഥാനത്ത് അനുവദിച്ചിരിക്കുന്നത് 6724 രൂപയാണ്. നഷ്ടം 25 ശതമാനത്തോളം.
നിലവിൽ 3741 രൂപ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന് അധികമായി ലഭിക്കുക 2983 രൂപ. അതിനുവേണ്ടി പെൻഷൻ ഫണ്ടിലേക്ക് തിരിച്ചടച്ചത് 1,64,405 രൂപയാണ്. 55 മാസം പെൻഷൻ ലഭിച്ചുകഴിയുമ്പോഴേ ഉയർന്ന പെൻഷനു വേണ്ടി അടച്ച തുകയെങ്കിലും തിരികെ ലഭിക്കുകയുള്ളൂ.