1800 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി സമർപ്പിച്ചു
Mail This Article
തിരുവനന്തപുരം ∙ വിഎസ്എസ്‌സിയിൽ നടന്ന ചടങ്ങിൽ 1800 കോടി രൂപയുടെ 3 പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി, മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലെ സെമി ക്രയോജനിക് ഇന്റഗ്രേറ്റഡ് എൻജിൻ ആൻഡ് സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, വിഎസ്എസ്‌സിയിലെ ട്രൈസോണിക് വിൻഡ് ടണൽ എന്നിവയാണവ.
വരുംദിവസങ്ങളിൽ ഇന്ത്യ ഒരിക്കൽ കൂടി ചന്ദ്രനിൽ പോയി അവിടത്തെ മണ്ണുമായി വരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ശുക്രനും നമ്മുടെ റഡാറിലുണ്ട്. 2035ൽ ഇന്ത്യയ്ക്കു സ്വന്തമായി ബഹിരാകാശ നിലയം ഉണ്ടാകും. ഈ അമൃത് കാലത്ത് ഇന്ത്യൻ റോക്കറ്റിൽ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ചന്ദ്രനിൽ ഇറങ്ങും.
ഇന്ത്യയിലെ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇരുനൂറിൽ അധികമായി വളർന്നു. 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നൽകിയതോടെ ലോകത്തിലെ വലിയ ബഹിരാകാശ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ നിലയുറപ്പിക്കാനും യുവാക്കൾക്കു കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള അവസരമൊരുങ്ങും.’– പ്രധാനമന്ത്രി പറഞ്ഞു.