ADVERTISEMENT

കൊച്ചി ∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്നതു സംബന്ധിച്ചു 3 മണിക്കൂറിലേറെയാണു ഹൈക്കോടതിയിൽ വാദപ്രതിവാദം നടന്നത്. 4 വർഷത്തോളം നീണ്ട ഗൂഢാലോചനയ്ക്കും ആസൂത്രണത്തിനുംശേഷമാണു ടി.പി.ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നും പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷനും ടി.പിയുടെ ഭാര്യ കെ.കെ.രമയുടെ അഭിഭാഷകനും വാദിച്ചു. എന്നാൽ രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അസാധാരണ സംഭവമല്ലെന്നും അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും പ്രതിഭാഗം വാദിച്ചു.

പ്രതികൾക്ക് ചന്ദ്രശേഖരനോട് വൈരാഗ്യവുമില്ലായിരുന്നെന്നും അതിനാൽ ആർക്കുവേണ്ടിയാണു കൊന്നതെന്നു പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികളിൽ ചിലരുടെ കുടുംബത്തിന് പാർട്ടി എല്ലാ മാസവും 5000 രൂപ നൽകുന്നുണ്ടെന്നു പ്രബേഷൻ ഓഫിസറുടെ റിപ്പോർട്ടിലുണ്ട്. സിപിഎമ്മിൽനിന്നു മാറി പുതിയ പാർട്ടിയുണ്ടാക്കിയതുകൊണ്ടാണ് ചന്ദ്രശേഖരനെ വധിച്ചത്. പെട്ടെന്നുള്ള പ്രകോപനം കൊണ്ടല്ല സംഭവം. ടിപിയുടെ തല പൂക്കുല പോലെ ചിതറുമെന്ന പ്രസംഗം നടപ്പാക്കുകയാണു പ്രതികൾ ചെയ്തത്. അതിക്രൂരമായാണു നെഞ്ചിലും തലയിലും മുഖത്തും വെട്ടി കൊന്നത്. കുടുംബത്തിനു കാണാൻ പറ്റാത്ത രീതിയിലാക്കി. തടവിലായിരിക്കുമ്പോഴും കുറ്റകൃത്യങ്ങളിൽ പ്രതികൾ ഏർപ്പെട്ടിട്ടുണ്ട്. ജയിലിൽ അവർ അവധിക്കാലം ആഘോഷിക്കുകയാണ്.

പ്രതികൾ പുറത്തുവന്നാൽ ഇനിയും മറ്റുള്ളവർക്കായി ആയുധമെടുക്കും. സമൂഹത്തിന്റെ സമാധാനം നഷ്ടമാകും. അതിനാൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുതെന്നായിരുന്നു കെ.കെ.രമയുടെ അഭിഭാഷകൻ വാദിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്ത രാഷ്ട്രീയ കൊലപാതകമാണ്. സംഭവത്തിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് അന്തിമ റിപ്പോർട്ടിന്റെ അവസാനഭാഗത്തിൽ പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ഗൂഢാലോചന കേസിലും കുറ്റക്കാരനായി കണ്ടെത്തിയെന്ന പേരിൽ പരാമവധി ശിക്ഷ നൽകാൻ കാരണമല്ലെന്നു പ്രതികളുടെ അഭിഭാഷകൻ വാദിച്ചു. ഭാര്യയുടെയും മക്കളുടെയും മുൻപിൽ രാഷ്ട്രീയ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. വിദ്യാർഥികളുടെ മുൻപിലും രാഷ്ട്രീയ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനാൽ പരമാവധി ശിക്ഷ നൽകേണ്ട അപൂർവങ്ങളിൽ അപൂർവമായ കേസായി കണക്കാക്കാനാകില്ലെന്നും വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.കുമാരൻകുട്ടിയും കെ.കെ.രമയ്ക്കു വേണ്ടി അഡ്വ.എസ്.രാജീവും പ്രതികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ ബി.രാമൻ പിള്ള, പി.വിജയഭാനു എന്നിവരുമാണ് ഹാജരായത്.

∙ രാഷ്ട്രീയ കൊലപാതകങ്ങൾക്കു വലിയ വില കൊടുക്കേണ്ടി വരുമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഹൈക്കോടതി വിധി. മുഖ്യപ്രതികളുടെ ജീവപര്യന്തം ശിക്ഷയിൽ 20 വർഷം കഴിയാതെ ഇളവു ചോദിക്കാനോ നൽകാനോ പാടില്ലെന്നു കോടതി വിധിച്ചു. പുതുതായി ശിക്ഷിക്കപ്പെട്ട പ്രതികൾക്കും ജീവപര്യന്തം നൽകിയെന്നതു ശ്രദ്ധേയമാണ്. - അഡ്വ. പി.കുമാരൻകുട്ടി (സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ)

English Summary:

Prosecution argument in TP Chandrasekharan murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com