‘ജീവനൊടുക്കിയതല്ല, കൊന്ന് കെട്ടിത്തൂക്കിയതാണ്’: സിദ്ധാർഥിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
Mail This Article
തിരുവനന്തപുരം∙ ‘‘ഞാൻ അങ്ങോട്ടു വരുന്നമ്മേ. ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത്തവണ അമ്മയെ ഞാൻ കൊണ്ടുപോകാം.’’ ഇതായിരുന്നു വയനാട്ടിൽ നിന്നുള്ള സിദ്ധാർഥിന്റെ അവസാനത്തെ വാക്കുകൾ. ഒന്നര മണിക്കൂർ കഴിഞ്ഞ് ഒരു സീനിയർ വിദ്യാർഥി വിളിച്ചു പറഞ്ഞു: ‘‘അവൻ പോയി’’
‘‘അവൻ അങ്ങനെ ചെയ്യില്ല. ഞങ്ങളുടെ പൊന്നുമോനെ അവരെല്ലാം ചേർന്ന് അടിച്ചുകൊന്നു കെട്ടിത്തൂക്കിയതാണ്. അവൻ കൊല്ലപ്പെടുന്നതിനു 2 മണിക്കൂർ മുൻപ് ഫോണിൽ സംസാരിച്ചതാണ്. അവന്റെ സംസാരത്തിൽ ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ പോകുന്നതിന്റെ ഒരു സൂചനയും ഇല്ലായിരുന്നു’’ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി ജെ.എസ്.സിദ്ധാർഥിന്റെ മാതാപിതാക്കളുടേതാണ് ഇൗ വാക്കുകൾ.
18ന് ഹോസ്റ്റൽ ഡോർമിറ്ററിയിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർഥിന്റെ, സഹപാഠികളുടെയും അധ്യാപകരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും വാക്കുകൾ ചേർത്തു വായിക്കുമ്പോൾ അതു കൊലപാതമാണെന്ന ഉറച്ച വിശ്വാസത്തിലാണ് അച്ഛൻ ടി.ജയപ്രകാശും അമ്മ എം.ആർ.ഷീബയും ബന്ധുക്കളും.
‘‘14ന് വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ സീനിയർ വിദ്യാർഥിനികൾക്കൊപ്പം സിദ്ധാർഥ് നൃത്തം ചെയ്തതിന്റെ പേരിൽ മർദിച്ചു. നൂറോളം വിദ്യാർഥികൾ നോക്കിനിൽക്കെ വിവസ്ത്രനാക്കി അടിച്ചു. ബെൽറ്റ് കൊണ്ടു പലവട്ടം അടിച്ചു. 3 ദിവസം ഭക്ഷണമോ വെള്ളമോ നൽകിയില്ല’’– സിദ്ധാർഥിന്റെ അമ്മ പറഞ്ഞു.