ബഹിരാകാശ നിലയം ആദ്യഘട്ടം 2028ൽ; റോബട്ടിനെ ബഹിരാകാശത്ത് എത്തിക്കുന്ന ജി1 ദൗത്യം ജൂലൈയിൽ
Mail This Article
തിരുവനന്തപുരം ∙ ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടം 2028ൽ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കി. രൂപകൽപന അവസാനഘട്ടത്തിലാണ്. 2035ൽ ബഹിരാകാശനിലയം പൂർത്തിയാക്കും. ആദ്യഘട്ടം വിക്ഷേപിച്ചു കഴിയുമ്പോൾ തന്നെ മനുഷ്യരെ അവിടെ എത്തിക്കാനാകും. ബഹിരാകാശനിലയത്തിന്റെ ഹാർഡ്‌വെയർ വിഎസ്എസ്‌സിയിലും ഇലക്ട്രോണിക്സ് ബെംഗളൂരുവിലെ യുആർഎസ്‌സിയിലും തയാറാക്കും. വൈകാതെ ചന്ദ്രനിൽ നിന്നു മണ്ണ് കൊണ്ടു വരുന്ന പദ്ധതി ഉണ്ടാകും. ശുക്രനിലേക്കുള്ള ദൗത്യം പിന്നാലെയുണ്ടാകും. 2040ൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുകയെന്ന ലക്ഷ്യവും പ്രധാനമന്ത്രി മുന്നോട്ടു വച്ചിട്ടുണ്ട്. അവയ്ക്കെല്ലാം സർക്കാരിന്റെ അംഗീകാരം നേടണമെന്നും എസ്.സോമനാഥ് ‘മനോരമ’യോടു പറഞ്ഞു.
അടുത്ത ഘട്ടം യാത്രികരെ ഉടൻ തിരഞ്ഞെടുക്കുമോ
തൽക്കാലം അങ്ങനെ പദ്ധതിയിട്ടിട്ടില്ല. എന്നാൽ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുത്തു പരിശീലിപ്പിക്കണമെന്ന ആശയം പൊതുവേയുണ്ട്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള തുടർ ദൗത്യങ്ങൾ വേണമെന്നു പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്.
ഗഗൻയാൻ ദൗത്യത്തിന് ഒരു വർഷത്തോളമുണ്ട്. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദൗത്യമെന്ത്
ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി വ്യോമമിത്ര എന്ന റോബട്ടിനെ ബഹിരാകാശത്ത് എത്തിക്കുന്ന ജി1 ദൗത്യം ജൂലൈയിൽ നടക്കും. ആളില്ലാതെ ക്രൂ മൊഡ്യൂൾ വിക്ഷേപിക്കുന്ന ജി2 ഈ വർഷം അവസാനവും ജി3 അടുത്ത വർഷം പകുതിയോടെയും വിക്ഷേപിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. അതിനു ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന യഥാർഥ ഗഗൻയാൻ ദൗത്യം (എച്ച്1) നടക്കും.
എത്ര പേരെ ബഹിരാകാശത്ത് എത്തിക്കും
ക്രൂ മൊഡ്യൂളിൽ 3 പേർക്കു വരെ കയറാൻ ശേഷിയുണ്ടെങ്കിലും ആദ്യത്തെ ദൗത്യമായതിനാൽ ഒരാളെ മാത്രം തിരഞ്ഞെടുക്കും. ഭ്രമണപഥത്തിൽ ഒരു ദിവസം സഞ്ചരിച്ച് ഭൂമിയിൽ തിരികെയെത്തിക്കും. ഡിസൈൻ പ്രകാരം 3 ദിവസം വരെ ഭ്രമണപഥത്തിൽ തുടരാൻ കഴിയുമെങ്കിലും ആദ്യ തവണ അത്രയും സമയമെടുക്കില്ല. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനും സുരക്ഷിതമായി തിരികെ കൊണ്ടു വരാനും കഴിയും എന്നു തെളിയിക്കുക മാത്രമാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.