ദേശീയപാതകളിലെ ‘ബ്ലാക് സ്പോട്ട്’: പ്രശ്നം പരിഹരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം
Mail This Article
തിരുവനന്തപുരം ∙ ദേശീയപാതകളിൽ പതിവായി റോഡ് അപകടങ്ങൾ നടക്കുന്ന ഭാഗങ്ങൾ ‘ബ്ലാക് സ്പോട്ട്’ ആയി പ്രഖ്യാപിക്കാൻ കാത്തിരിക്കാതെ പ്രശ്നം പരിഹരിക്കണമെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം. ഗതാഗത മന്ത്രാലയത്തിന്റെ സംയോജിത റോഡ് അപകട വിവരശേഖരത്തിൽ (ഇ–ഡാർ പ്ലാറ്റ്ഫോം) പൊലീസ് അധികൃതർ ചേർക്കുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് കൃത്യമായ നടപടിയെടുക്കേണ്ടത്.
ദേശീയ പാതകളിലുണ്ടാകുന്ന മരണകാരണമോ അല്ലാത്തതോ ആയ എല്ലാ അപകടങ്ങൾ സംബന്ധിച്ചും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് റോഡ് ആക്സിഡന്റ് റിക്കോർഡിങ് ഫോം പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്താലുടൻ ദേശീയപാത റീജനൽ ഓഫിസർമാർ ഇവ ശേഖരിക്കണം.
അപകടം നടന്ന സ്ഥലത്തെ റോഡിന്റെ അവസ്ഥയെക്കുറിച്ചും അപകട കാരണം സംബന്ധിച്ചും പ്രാഥമിക വിലയിരുത്തൽ ഉടൻ നടത്തണം. എൻജിനീയറിങ് പരിഹാരമാണോ സുരക്ഷാ ഓഡിറ്റ് മതിയാകുമോ എന്ന് നോക്കി പ്രശ്നം പരിഹരിക്കണം. അപകട സാധ്യത സംബന്ധിച്ച് യാത്രക്കാർക്കു മുന്നറിയിപ്പു നൽകുന്നതിനുള്ള നടപടിയും ഉടൻ സ്വീകരിക്കണം.
ഇ–ഡാർ പ്ലാറ്റ്ഫോമിൽ പൊലീസ് അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ ദേശീയപാത അതോറിറ്റി അധികൃതർക്ക് ശേഖരിക്കാൻ കഴിയും. ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർമാർക്ക് നേരിട്ട് ഇത്തരം പരിഹാര നടപടികൾ സ്വീകരിക്കാനുള്ള ചുമതലയും നൽകിയിട്ടുണ്ട്.