പൊന്നാനിക്കളരിയിൽ പൂഴിക്കടകൻ
Mail This Article
മലപ്പുറം ∙ നാലരപ്പതിറ്റാണ്ടായി മുസ്‌ലിം ലീഗ് ലോക്സഭയിലേക്കു ചാരിവച്ച കോണിയാണു പൊന്നാനി. 1977നുശേഷം ലീഗ് സ്ഥാനാർഥിയല്ലാതെ മറ്റൊരാൾ ഇവിടെനിന്നു ഡൽഹിയിലേക്കു വണ്ടികയറിയിട്ടില്ല. തിരഞ്ഞെടുപ്പുകളരിയിൽ ലീഗിനെ തളയ്ക്കാൻ ഇടതുപക്ഷം പലവട്ടം പൂഴിക്കടകൻ പ്രയോഗിച്ചെങ്കിലും ഫലം കണ്ടില്ല. പഴയ അടവു പുതിയ കുപ്പിയിലാക്കിയാണ് ഇത്തവണ പരീക്ഷണം. ലീഗിന്റെ മുൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.എസ്.ഹംസ മത്സരിക്കുന്നത് സിപിഎം ചിഹ്നത്തിൽ. കോട്ട കാക്കാൻ ലീഗ് ഇറക്കിയിരിക്കുന്നത് അങ്കങ്ങൾ പലതുകണ്ട എം.പി.അബ്ദുസ്സമദ് സമദാനിയെ. കഴിഞ്ഞതവണ ഒരുലക്ഷത്തിലേറെ വോട്ടു നേടിയ ബിജെപി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല.
കേരളപ്പിറവിക്കു ശേഷമുള്ള ആദ്യ 3 തിരഞ്ഞെടുപ്പുകളിൽ പൊന്നാനിയിൽ പാറിയതു ചെങ്കൊടിയാണ്. 1977ൽ ആണ് പൊന്നാനിത്തീരത്ത് ആദ്യമായി ഹരിതപതാകയുയർന്നത്. പിന്നീട് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അതു താഴ്ത്താൻ ഇടതുപക്ഷത്തിനായില്ല. 2004 ൽ കേരളമാകെ ഇടത്തോട്ടു ചാഞ്ഞിട്ടും പൊന്നാനി കോണിയിൽത്തന്നെ ചാരിനിന്നു. ജി.എം.ബനാത്ത്‌വാലയും (7 തവണ) ഇബ്രാഹിം സുലൈമാൻ സേട്ടും ഇ.അഹമ്മദും ഇ.ടി.മുഹമ്മദ് ബഷീറുമാണ് പൊന്നാനി വഴി ലോക്സഭയിലേക്കു പോയ മുസ്‌ലിം ലീഗുകാർ.
‘പൊന്നാനിപ്പച്ചയ്ക്ക്’ മങ്ങലേറ്റിട്ടില്ലെങ്കിലും ഇടതുപക്ഷം ചില കണക്കുകൂട്ടലുകളോടെയാണ് ഇത്തവണയിറങ്ങുന്നത്. സമസ്ത–ലീഗ് ഭിന്നതയിൽ ചോരാൻ സാധ്യതയുള്ള വോട്ടുകൾ ആകർഷിക്കാമെന്ന പ്രതീക്ഷയിലാണു ഹംസയെ അവതരിപ്പിക്കുന്നത്. സിറ്റിങ് എംപി ഇ.ടി.മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്കു മാറ്റി അവിടെനിന്ന് അബ്ദുസ്സമദ് സമദാനിയെ പൊന്നാനിയിലേക്കു ലീഗ് കൊണ്ടുവന്നതിലും സമസ്ത ഫാക്ടർ കാണുന്നവരുണ്ട്. പല ഭാഷകളിൽ മനോഹരമായി പ്രസംഗിക്കുന്ന സമദാനിക്ക് സമൂഹത്തിന്റെ വിവിധ തുറകളിലേക്കു നീളുന്ന സുഹൃദ്ശൃംഖലയുണ്ട്. പൊന്നാനി മണ്ഡലത്തിലാണ് അദ്ദേഹത്തിന്റെ ജന്മനാടായ കോട്ടയ്ക്കൽ. തൃശൂർ സ്വദേശി ഹംസ പൊന്നാനിയുടെ മരുമകനാണ്; ഭാര്യ നസീമ പൊന്നാനിക്കാരി.
1.93 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ.ടി കഴിഞ്ഞതവണ ജയിച്ചത്. എന്നാൽ, പൊന്നാനിയുടെ ലീഗ് പാരമ്പര്യത്തിനും ഭൂരിപക്ഷക്കണക്കിനുമിടയിൽ ഇടതുപക്ഷത്തിനു പ്രതീക്ഷ നൽകുന്നൊരു ഘടകമുണ്ട്. പൊന്നാനിക്കു കീഴിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ 4 എണ്ണത്തിൽ എൽഡിഎഫ് എംഎൽഎമാരാണ്. അതിൽ താനൂരും തൃത്താലയും മന്ത്രിമണ്ഡലങ്ങൾ. തവനൂരും പൊന്നാനിയും ചേരുമ്പോൾ ഇടതുകോട്ട പൂർത്തിയായി. ഇടതുപക്ഷത്തിന്റെ നാലിനെക്കാൾ വോട്ടുതൂക്കം പക്ഷേ, ലീഗിന്റെ 3 മണ്ഡലങ്ങളായ കോട്ടയ്ക്കൽ, തിരൂരങ്ങാടി, തിരൂർ എന്നിവയ്ക്കാണ്. 53 വർഷത്തിനു ശേഷം സിപിഎം പാർട്ടി ചിഹ്നത്തിൽ പൊന്നാനിയിൽ മത്സരിക്കുന്നെന്ന പ്രത്യേകത ഇത്തവണയുണ്ട്. കോണിയിളകുമോ, കൂടുതൽ ഉറയ്ക്കുമോ? കാത്തിരിക്കാം.