ADVERTISEMENT

തിരുവനന്തപുരം ∙ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് നിയമസഭ പാസാക്കിയ ബില്ലിനു രാഷ്ട്രപതിയുടെ അനുമതി. ലോകായുക്തയെ നോക്കുകുത്തിയാക്കുന്നുവെന്ന പരാതികളെത്തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാസങ്ങളോളം ഒപ്പുവയ്ക്കാതെ ബിൽ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഒടുവിൽ കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്ന ഘട്ടത്തിലാണ് ഇതുൾപ്പെടെ ഏതാനും ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്. 

എന്നാൽ ലോക്പാൽ നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ലോകായുക്ത നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിനു സാധിക്കുമെന്നു വിലയിരുത്തിയ കേന്ദ്ര സർക്കാർ, ഇതിനു രാഷ്ട്രപതിയുടെ അനുമതി നൽകി തിരികെ അയയ്ക്കുകയായിരുന്നു. സാധാരണ രാഷ്ട്രപതിക്ക് അയയ്ക്കുന്ന ബില്ലുകളിൽ ഇത്രവേഗം തീരുമാനം വരാറില്ല. രാഷ്ട്രപതിയുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ ഇനി ബില്ലിൽ ഗവർണർക്ക് ഒപ്പുവയ്ക്കേണ്ടിവരും.

അഴിമതിക്കേസിൽ കുറ്റം തെളിഞ്ഞതായി ലോകായുക്ത ഉത്തരവിട്ടാൽ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കേണ്ടി വരുമെന്ന നിലവിലുള്ള വകുപ്പിലാണു ഭേദഗതി വരുത്തിയത്. ഭേദഗതി വരുത്തിയ നിയമപ്രകാരം മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത ഉത്തരവിട്ടാൽ നിയമസഭയാണ് അപ്പീൽ അതോറിറ്റി. നിയമസഭയിൽ ഭൂരിപക്ഷമുള്ളതിനാൽ മുഖ്യമന്ത്രിക്കെതിരായ ഉത്തരവ് തള്ളും. 

മന്ത്രിമാർക്കെതിരെ ഉത്തരവു വന്നാൽ മുഖ്യമന്ത്രിയാണ് അപ്പീൽ അതോറിറ്റി. അതു മുഖ്യമന്ത്രിക്കു തള്ളാം. എംഎൽഎമാർക്കെതിരെയാണെങ്കിൽ സ്പീക്കർക്കു തീരുമാനം എടുക്കാം. ഫലത്തിൽ സർക്കാരിനെതിരെ അഴിമതിനിരോധന നിയമപ്രകാരം ലോകായുക്ത ഉത്തരവു വന്നാലും അത് തള്ളാൻ സാധിക്കും.

English Summary:

Setback to governor Arif Mohammad Khan as President of India Draupadi Murmu approves Lokayukta amendment bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com