വെറ്ററിനറി കോളജിലെ ക്രൂരമർദനം: സിദ്ധാർഥന്റെ മരണത്തിൽ 6 പേർ അറസ്റ്റിൽ
Mail This Article
കൽപറ്റ ∙ നഗ്നനാക്കിയുള്ള ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനും ഇരയായ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗമടക്കം 6 പേർ അറസ്റ്റിൽ.
എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്. അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി. ആകാശ് (22), ആർ.ഡി. ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരാണു പിടിയിലായത്. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽനിന്ന് 8 പേരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു. ഇവരിൽ 6 പേരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, പ്രധാന പ്രതികളായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരടക്കം 12 പേർ ഒളിവിലാണ്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒളിവിൽപോയ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതികളായ 4 എസ്എഫ്ഐക്കാരെ സംഘടനയിൽനിന്നു പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു.