മന്ത്രിവസതികളിൽ മരപ്പട്ടി; കന്റോൺമെന്റ് ഹൗസിൽ പാമ്പ്, കീരി: മരപ്പട്ടിശല്യം കാരണം ഹോട്ടലിൽ മുറിയെടുത്ത ഗവർണർ
Mail This Article
തിരുവനന്തപുരം ∙ തലസ്ഥാനത്തു മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരിൽ ഭൂരിഭാഗവും താമസിക്കുന്നതു രാജഭരണകാലത്തു നിർമിച്ച ബംഗ്ലാവുകളിലും വീടുകളിലും. മന്ത്രിമന്ദിരങ്ങളുടെ പഴയ തട്ടിൻപുറങ്ങളിൽ അന്തേവാസികളായി മരപ്പട്ടിയും എലിയും ഉൾപ്പെടെയുള്ളവ ചേക്കേറുന്നതിനു കാരണവും കെട്ടിടങ്ങളുടെ പഴക്കം തന്നെ. ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യം കാരണം വസ്ത്രങ്ങൾ ഇസ്തിരിയിട്ടു വയ്ക്കാനോ വെള്ളം തുറന്നുവയ്ക്കാനോ കഴിയാത്ത അവസ്ഥയാണെന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളുടെ തടികൊണ്ടുള്ള മച്ചിലാണ് മരപ്പട്ടികൾ ഓടിനടക്കുന്നത്.
മുഖ്യമന്ത്രിയുടെ വീട്ടിൽ മരപ്പട്ടിയാണെങ്കിൽ പ്രതിപക്ഷനേതാവ് താമസിക്കുന്ന കന്റോൺമെന്റ് ഹൗസിൽ പാമ്പുമുണ്ട്. ഒപ്പം കീരികളും എലികളും ധാരാളം. ഒരു വർഷം മുൻപ് രാജ്ഭവനിലെ മരപ്പട്ടി ശല്യം കാരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറച്ചുകാലം ഹോട്ടലിൽ മുറിയെടുത്തു താമസിച്ചിരുന്നു. മന്ത്രി വി.ശിവൻകുട്ടിയുടെ വസതിയായ റോസ് ഹൗസ്, വി.അബ്ദുറഹിമാൻ താമസിക്കുന്ന കവടിയാർ ഹൗസ്, ആർ.ബിന്ദു താമസിക്കുന്ന സാനഡു എന്നിവിടങ്ങളിൽ മരപ്പട്ടിശല്യം രൂക്ഷമാണ്.
അറ്റകുറ്റപ്പണി ചെയ്താൽ വിവാദം; തൊടാൻ മടി
പഴക്കമുള്ള മന്ത്രിമന്ദിരങ്ങൾ പലതും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണെങ്കിലും അറ്റകുറ്റപ്പണികൾ നടത്താൻ മന്ത്രിമാർക്കു പൊതുവേ മടിയാണെന്നു മുൻ മന്ത്രി ആന്റണി രാജു. മന്ത്രിമന്ദിരങ്ങൾ നവീകരിച്ച കണക്ക് വരുമ്പോൾ സ്വന്തം പേരിൽ വലിയ കണക്കു വരുന്നത് വിവാദമാകുമെന്ന ഭയമാണു പലർക്കും.