ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം: സ്റ്റേയിൽ ഇടപെടാതെ ഹൈക്കോടതി
Mail This Article
കൊച്ചി∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവു സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിന്റെ (കെഎടി) നടപടിയിൽ ഹൈക്കോടതി ഇടപെട്ടില്ല. എന്നാൽ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തെ അപ്പാടെ ബാധിക്കുന്ന വിഷയമാണിതെന്നും കെഎടി തന്നെ എത്രയും വേഗം കേസിൽ അന്തിമ തീർപ്പുണ്ടാക്കുകയോ സ്റ്റേ നീക്കണമെന്ന സർക്കാരിന്റെ അപേക്ഷയിൽ ഉത്തരവിടുകയോ ചെയ്യണമെന്നും നിർദേശിച്ചു.
അതേസമയം, 10 ദിവസത്തിനകം സ്ഥലംമാറ്റ ലിസ്റ്റ് പുതുക്കാൻ സർക്കാരിനു നിർദേശം നൽകിയ കെഎടി നടപടി ഈ ഘട്ടത്തിൽ അപക്വമാണെന്നു വിലയിരുത്തി തടഞ്ഞു. കെഎടി ഉത്തരവു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു സർക്കാരും ഏതാനും അധ്യാപകരും നൽകിയ ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
സ്റ്റേ മൂലം നൂറു കണക്കിന് അധ്യാപകർക്കു പുതിയ സ്കൂളിൽ ചുമതലയേൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. സ്ഥലം മാറ്റം സംബന്ധിച്ചു മുൻപു നൽകിയ ഉത്തരവിനു വിരുദ്ധമായതിനാൽ 10 ദിവസത്തിനകം ലിസ്റ്റ് പുതുക്കണമെന്നും അതുവരെ സ്ഥലംമാറ്റം നടപ്പാക്കരുത് എന്നുമായിരുന്നു കെഎടിയുടെ ഉത്തരവ്.
സർക്കാരിനും മറ്റ് അധ്യാപകർക്കും പറയാനുള്ളതു കേൾക്കാതെ ലിസ്റ്റ് പരിഷ്കരിക്കാൻ പറയുന്നത് അപക്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്റ്റേ മൂലം പുതിയ സ്കൂളിൽ ചുമതലയേൽക്കാൻ കഴിയാതെ പോയവർ പഴയ സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്കു തിരികെ എത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇതിനിടെ ഉത്തരവിട്ടിരുന്നു. സ്കൂളുകൾ വേനലവധിക്ക് അടയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ കെഎടി എത്രയുംവേഗം സർക്കാരിനെ കേട്ട് ഹർജി തീർപ്പാക്കണം. കെഎടിയിൽ സർക്കാർ 10 ദിവസത്തിനകം വിശദീകരണം നൽകണമെന്നും നിർദേശിച്ചു.
വ്യക്തതയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം∙ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പത്തിന് വ്യക്തതയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്റ്റേ ചെയ്യും മുൻപ് തന്നെ നിലവിൽ ജോലി ചെയ്ത സ്കൂളിൽ നിന്ന് വിടുതൽ വാങ്ങി പുതിയ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചവർക്കും പ്രവേശിക്കാനാകാത്തവർക്കും സ്പാർക്ക് ഐഡി ട്രാൻസ്ഫർ ചെയ്തിട്ടില്ലെങ്കിൽ പഴയ സ്കൂളിൽ നിന്നു തന്നെ ശമ്പളം മാറി നൽകും. സ്പാർക്ക് ഐഡി ട്രാൻസ്ഫർ ചെയ്ത അധ്യാപകരുടെ ശമ്പളം പുതിയ സ്കൂൾ മുഖേനയാകും ലഭിക്കുക.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട അധ്യാപകരുടെ സർവീസ് വിഷയങ്ങളിൽ കോടതിവിധി അനുസരിച്ച് ഉത്തരവിറക്കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്ഥലംമാറ്റ പട്ടികയിൽ ഇടം നേടിയ അധ്യാപകർ നേരത്തേ നിശ്ചയിച്ചു നൽകിയ ഇടങ്ങളിൽ തന്നെ പരീക്ഷാ ഡ്യൂട്ടി ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.