അഴിമതി: കേരള സർക്കാർ മുൻ തെലങ്കാന സർക്കാരിനെപ്പോലെയെന്ന് രേവന്ത് റെഡ്ഡി
Mail This Article
തിരുവനന്തപുരം ∙ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ അഴിമതിക്കാര്യത്തിൽ തെലങ്കാനയിലെ മുൻ ബിആർഎസ് സർക്കാരിനെപ്പോലെയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കെ.ചന്ദ്രശേഖര റാവുവിന്റെ കഴിഞ്ഞ ഭരണകാലത്ത് പിണറായി വിജയൻ അദ്ദേഹത്തെ സന്ദർശിച്ചത് അഴിമതി പഠിക്കാൻ വേണ്ടിയായിരുന്നുവെന്ന് ഇംഗ്ലിഷിലും ഹിന്ദിയിലുമായി നടത്തിയ പ്രസംഗത്തിൽ രേവന്ത് റെഡ്ഡി പരിഹസിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേർന്നു നയിച്ച സമരാഗ്നി ജാഥയുടെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രേവന്ത് റെഡ്ഡി. മൂന്നാം മോദി ഭരണമെന്ന ബിജെപിയുടെ പ്രചാരണത്തിൽ കബളിപ്പിക്കപ്പെടരുതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം സച്ചിൻ പൈലറ്റ് പറഞ്ഞു.
ശശി തരൂരുമായി സംവാദത്തിനു മോദിയെ വെല്ലുവിളിക്കുകയാണെന്നും ഇന്ത്യ എന്ന ആശയം എന്തെന്ന് അപ്പോൾ മോദിക്കു മനസ്സിലാകുമെന്നും ഗുജറാത്തിൽ നിന്നുള്ള എംഎൽഎ ജിഗ്നേഷ് മേവാനി പറഞ്ഞു. സമരാഗ്നി ജാഥയെ തീപ്പന്തം പോലെ ജനഹൃദയങ്ങളിലെത്തിച്ചിട്ടുണ്ടെന്നും രണ്ടു രാഷ്ട്രീയ ശക്തികളെ തകർക്കാൻ കോൺഗ്രസിനു കരുത്തുപകരുകയെന്ന സന്ദേശമാണു ജാഥ നൽകിയതെന്നും കെ.സുധാകരൻ പറഞ്ഞു. രണ്ടക്കം കിട്ടുമെന്നു മോദി കേരളം കണ്ടു പനിക്കണ്ട. സമരാഗ്നി ജാഥയുടെ ചർച്ചാ സദസ്സിലെത്തിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് സുദൃഢമായി മുന്നോട്ടുപോകുമെന്നും സമരം ചെയ്യേണ്ടിടത്ത് അതുണ്ടാവുമെന്നും വി.ഡി.സതീശൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു.
എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, രമേശ് ചെന്നിത്തല, ശശി തരൂർ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, എം.എം.ഹസൻ, ടി.സിദ്ദീഖ്, വിശ്വനാഥ പെരുമാൾ, പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ, എം.ലിജു, രാഹുൽ മാങ്കൂട്ടത്തിൽ, ജെബി മേത്തർ, ആർ.ചന്ദ്രശേഖരൻ, അലോഷ്യസ് സേവ്യർ, എ.കെ.ശശി, കെ.പി.ശ്രീകുമാർ, വിനോദ് സെൻ തുടങ്ങിയവർ പ്രസംഗിച്ചു. ഫെബ്രുവരി 9നു കാസർകോട് ആരംഭിച്ച ജാഥയാണ് 21–ാം ദിവസം തിരുവനന്തപുരത്തു സമാപിച്ചത്. സമരാഗ്നി ജാഥയുടെ സമാപന സമ്മേളനം കഴിയുംമുൻപേ ചിലർ സദസ്സുവിട്ടതിൽ വികാരഭരിതനായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കൊട്ടിഘോഷിച്ചു സമ്മേളനം നടത്തും. രണ്ടാള് പ്രസംഗിച്ചു കഴിയുമ്പോഴേക്കും ആളു പോകും. നേരത്തേ തന്നെ കസേര കാലിയാണ്. ലക്ഷക്കണത്തിനു രൂപ ചെലവിട്ട് പൊതുയോഗം സംഘടിപ്പിച്ചിട്ട് കേൾക്കാൻ മനസ്സില്ലെങ്കിൽ പിന്നെന്തിനു നിങ്ങൾ വരുന്നു? സമരാഗ്നി പോലൊരു ജാഥ കേരള ചരിത്രത്തിൽ ആദ്യമാണ്. അത്രേയറെ രാഷ്ട്രീയ പ്രാധാന്യമുണ്ട് – സുധാകരൻ പറഞ്ഞു.