മിസൈൽ ആക്രമണം: കൊല്ലം സ്വദേശി ഇസ്രയേലിൽ മരിച്ചു
Mail This Article
കൊല്ലം ∙ ലബനനിലെ സായുധസംഘടനയായ ഹിസ്ബുല്ല വടക്കൻ ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലം വാടി പനമൂട് പുരയിടം കാർമൽ കോട്ടേജിൽ പാറ്റ് നിബിൻ മാക്‌സ്‌വെൽ (31) കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരുക്കേറ്റ ഇടുക്കി വാഴത്തോപ്പ് ഭൂമിയാംകുളം തൊട്ടിയിൽ ബുഷ് ജോർജ്, പോൾ മെൽവിൻ എന്നിവർ ഇസ്രയേലിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ലബനൻ അതിർത്തിയോടു ചേർന്നുള്ള ഗലീലി മേഖലയിൽ മാർഗലിയറ്റ് എന്ന സ്ഥലത്തു തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം. ഗാസ യുദ്ധത്തെത്തുടർന്ന് ഈ മേഖലയിലേക്കും സംഘർഷം വ്യാപിച്ചിരുന്നു. 2 മാസം മുൻപു കാർഷിക വീസയിൽ ഇസ്രയേലിലെത്തിയ നിബിൻ കോഴി ഫാമിൽ ജോലി ചെയ്യുകയായിരുന്നു. മൂത്ത സഹോദരൻ നിവിനും അവിടെയുണ്ട്. നിബിന് അപകടമുണ്ടായെന്നു തിങ്കളാഴ്ച വൈകിട്ടാണ് മൂത്ത മകൻ വിളിച്ച് അറിയിച്ചെന്നു പിതാവ് ആന്റണി മാക്സ്‌വെൽ പറഞ്ഞു. ഇന്ത്യൻ സമയം അർധരാത്രിയോടെ മരണം സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു.
നിബിൻ താമസിക്കുന്നിടത്തുനിന്ന് ഏറെ അകലെയാണു സഹോദരൻ താമസിക്കുന്നത്. ഇളയ സഹോദരൻ പാറ്റ്സൺ അബുദാബിയിലാണ്. അമ്മ: റോസ്‌ലിൻ. നിബിന്റെ ഭാര്യ: ഫിയോണ. മകൾ: ആമിയ (5). ഫിയോണ 7 മാസം ഗർഭിണിയാണ്. ഗൾഫിൽ കുറച്ചു കാലം ജോലി ചെയ്ത നിബിൻ തിരികെ നാട്ടിൽ എത്തിയിരുന്നു. തുടർന്നാണ് ഇസ്രയേലിലേക്കു പോയത്. നിബിന്റെ ഭാര്യാ മാതാവ് സിന്ധുവും ഭാര്യാ സഹോദരി ഫെബിനയും അവരുടെ ഭർത്താവ് അഖിലും ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്.