കെഎസ്യു, യൂത്ത്, മഹിളാ കോൺ. നിരാഹാരസമരം തുടങ്ങി
Mail This Article
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം, ഡീൻ ഉൾപ്പെടെ അധ്യാപകരെ സർവീസിൽ നിന്നു പുറത്താക്കി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണം, മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെ പങ്ക് അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന അധ്യക്ഷന്മാർ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരുടെ നിരാഹാര സമരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
ക്രിമിനൽ മനസ്സുള്ളയാൾ സംസ്ഥാനം ഭരിക്കുമ്പോൾ സിദ്ധാർഥന്റെ മരണം പൊലീസ് അന്വേഷിക്കേണ്ടെന്നും സമരം സെക്രട്ടേറിയറ്റിനു മുന്നിൽ മാത്രം ഒതുങ്ങില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം കൊടുത്തത് പിണറായി വിജയനാണ്. ജീവൻരക്ഷാ പ്രവർത്തനം തുടരണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഒട്ടേറെ ആക്രമണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും കൂടുതൽ സദാചാര ഗുണ്ടാ പ്രവർത്തനം നടത്തുന്ന പ്രസ്ഥാനങ്ങളിൽ ഒന്നാണ് എസ്എഫ്ഐ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഡീനിനെ അടിയന്തിരമായി പുറത്താക്കി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണം. സിദ്ധാർഥൻ തൂങ്ങി നിന്ന തുണിക്കഷണം ഫൊറൻസിക് പരിശോധനയ്ക്കു വിടുമ്പോൾ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകരുതെന്നും അതിൽ ഈ കേസിലെ പ്രതികളുടെ വിരലടയാളം പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ അടക്കി ഭരിക്കുന്ന ബഹുഭൂരിപക്ഷം സർക്കാർ കലാലയങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുടെ ഹബ്ബായി മാറുന്നെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. സംസ്ഥാനത്തെ അമ്മമാരുടെ ഉൾഭയമാണ് മഹിളാകോൺഗ്രസ് ഉയർത്തിക്കാട്ടുന്നതെന്നും സിദ്ധാർഥന്റെ മരണത്തെ സിപിഎമ്മിന്റെ ഒരു വനിതാ നേതാവ് പോലും അപലപിച്ചിട്ടില്ലെന്നും ജെബി മേത്തർ പറഞ്ഞു.
ഇന്ന് കെഎസ്‌യു പ്രതിഷേധം
തിരുവനന്തപുരം∙ സിദ്ധാർഥന്റെ മരണത്തെത്തുടർന്നു കെഎസ്‍യു സർവകലാശാലാ ആസ്ഥാനത്തേക്കു നടത്തിയ മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്നു സംസ്ഥാനവ്യാപക പ്രതിഷേധത്തിന് കെഎസ്‍യു ആഹ്വാനം. എസ്എസ്എൽസി, ഹയർസെക്കൻഡറി, സർവകലാശാലാതല പരീക്ഷകളെ ഒഴിവാക്കിയതായി കെഎസ്‍യു അറിയിച്ചു.