ഡോ.സിസ തോമസ് കേസ്: സർക്കാർ ചോദിച്ചുവാങ്ങിയ തിരിച്ചടി
Mail This Article
തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലാ (കെടിയു) മുൻ വൈസ് ചാൻസലർക്കെതിരെ ഒന്നര വർഷത്തിലേറെ സർക്കാർ നടത്തിയ നീക്കങ്ങൾക്കു ചോദിച്ചു വാങ്ങിയ തിരിച്ചടിയാണ് ഡോ.സിസ തോമസ് കേസിലെ സുപ്രീം കോടതി വിധി. ഹൈക്കോടതിയിൽ നിന്നു തിരിച്ചടി ലഭിച്ചിട്ടും പിന്മാറാതെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു സർക്കാർ. സിസ തോമസിനു പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല.
കെടിയു വിസി സ്ഥാനത്തു നിന്നു ഡോ.എം.എസ്.രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പകരം ഡിജിറ്റൽ സർവകലാശാലാ വിസി ഡോ.സജി ഗോപിനാഥിനു ചുമതല നൽകാൻ ഗവർണറോട് സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹത്തിനും സുപ്രീം കോടതി പറയുന്ന അയോഗ്യതാ മാനദണ്ഡം ബാധകമാണെന്നു ചൂണ്ടിക്കാട്ടി ഗവർണർ നിരസിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കു ചുമതല നൽകാൻ സർക്കാർ പറഞ്ഞെങ്കിലും യുജിസി മാനദണ്ഡമനുസരിച്ച് അക്കാദമിക് രംഗത്തുള്ള വിസി വേണമെന്നു പറഞ്ഞു ഗവർണർ തള്ളി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ വിസിയാക്കാൻ ഗവർണർ ശ്രമിച്ചെങ്കിലും സർക്കാരിന്റെ അനിഷ്ടത്തിനു പാത്രമാകുമെന്നു ഭയന്ന് അവർ ഒഴിഞ്ഞു മാറി. ഒടുവിൽ സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ.സിസയെ നിയമിക്കുകയായിരുന്നു. ജോയിന്റ് ഡയറക്ടറുടെ ജോലിക്കു പുറമേയായിരുന്നു വിസിയുടെ ചുമതല.
വിസി സ്ഥാനം ഏറ്റെടുക്കാൻ സർവകലാശാലയിൽ എത്തിയ ഡോ.സിസയെ എസ്എഫ്ഐക്കാരും ഇടതുപക്ഷ സംഘടനാ പ്രവർത്തകരും തടഞ്ഞു. പൊലീസ് സഹായത്തോടെ അവർ ചുമതലയേറ്റത് സർക്കാരിനെ കൂടുതൽ ചൊടിപ്പിച്ചു. വിസി സ്ഥാനം ഏറ്റെടുക്കുന്നതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ ഡോ.സിസ രേഖാമൂലം അറിയിച്ചിരുന്നു. ഇക്കാര്യം പറയാൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ കാണാൻ സിസ സെക്രട്ടേറിയറ്റിൽ എത്തിയെങ്കിലും കാണാൻ കൂട്ടാക്കിയില്ല.
സഹപ്രവർത്തകരുടെ നിസ്സഹകരണം മൂലം വിസിയുടെ ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഡോ.സിസ. ഇതിനിടെ അവരുടെ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ കേസ് വന്നു. വിധി വിസിക്ക് അനുകൂലമായതോടെ ഉടക്കി നിന്നവർക്കു സഹകരിക്കേണ്ടി വന്നു. 6 മാസത്തോളം വിസിയായി തുടർന്നു. ഇതിനിടെ സിസയെ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്നു മാറ്റി. വിസിയുടെ ജോലി ചെയ്യാൻ സാധിക്കാത്ത വിധത്തിൽ കോഴിക്കോട്ടേക്കു മാറ്റുകയായിരുന്ന ലക്ഷ്യം. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടലിനെ തുടർന്ന് അധികൃതർക്ക് തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ് കോളജിൽ നിയമിക്കേണ്ടി വന്നു. വിസി പദവിയും പ്രിൻസിപ്പൽ പദവിയും ഒരേ സമയം വഹിച്ച സിസ കഴിഞ്ഞ മാർച്ച് 31ന് വിരമിക്കുന്നതിനു മുൻപ് സർക്കാർ വീണ്ടും തലപൊക്കി.
പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് കുറ്റപത്രം നൽകി സസ്പെൻഡ് ചെയ്യുകയായിരുന്ന ലക്ഷ്യം. മാർച്ച് 30നു കുറ്റപത്രം നൽകാൻ ശ്രമിച്ചെങ്കിലും സിസ കൈപ്പറ്റിയില്ല. വിരമിക്കുന്ന ദിവസം സെക്രട്ടേറിയറ്റിൽ അഡീഷനൽ സെക്രട്ടറി മുൻപാകെ ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാൽ അന്നു ഹാജരാകാൻ സാധിക്കില്ലെന്ന് അവർ അറിയിച്ചു. അങ്ങനെ സസ്പെൻഷൻ വാങ്ങാതെ വിരമിച്ചു. എന്നാൽ അച്ചടക്ക നടപടി തുടർന്നു. ഇതിനെതിരെ ഡോ.സിസ ഹൈക്കോടതിയിൽ പോയപ്പോൾ നടപടി അവസാനിപ്പിക്കാൻ ഡിവിഷൻ ബെഞ്ച് വിധിച്ചു. എന്നാൽ ഡോ.സിസയെ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സുപ്രീം കോടതിയിൽ പോയി തിരിച്ചടി വാങ്ങുകയായിരുന്നു.