‘അവൾക്ക് ജോലിയാണ് എല്ലാം, ഭർത്താവിനെ പോലും മറക്കും’; വിശേഷങ്ങൾ പങ്കുവച്ച് ഐഎഎസ് ദമ്പതികൾ
Mail This Article
കാക്കനാട് ∙ ‘സ്വന്തം താൽപര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താൽപര്യങ്ങൾക്കു വില കൽപിക്കുന്ന ഉമേഷിന്റെ സ്വഭാവമാണ് എന്നെ ആകർഷിച്ചത്.’ എറണാകുളം കലക്ടർ എൻ.എസ്.കെ.ഉമേഷിനോട് ഇഷ്ടം തോന്നാനുള്ള കാരണം വിശദീകരിച്ച് ഭാര്യയും കോട്ടയം കലക്ടറുമായ വി.വിഘ്നേശ്വരി. ‘അവൾക്ക് ജോലിയാണ് എല്ലാം, ഒരു കാര്യത്തിനിറങ്ങിയാൽ പിന്നെ അതു മാത്രം, ഭർത്താവിനെ പോലും മറക്കും.’ വിഘ്നേശ്വരിയുടെ സവിശേഷത നിരത്തി ഉമേഷ്. എറണാകുളം കലക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷത്തിലാണ് ഐഎഎസ് ദമ്പതികൾ വിശേഷങ്ങൾ പങ്കുവച്ചത്.
ഐഎഎസുകാരായ കെ.മീര (ഫോർട്ട്കൊച്ചി സബ് കലക്ടർ), ചെൽസ സിനി (കൊച്ചി കോർപറേഷൻ സെക്രട്ടറി), നിഷാന്ത് സിഹാര (അസിസ്റ്റന്റ് കലക്ടർ) എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും പ്രസംഗം. 2015 ബാച്ച് ഐഎഎസുകാരാണു തമിഴ്നാട് സ്വദേശികളായ ഉമേഷും വിഘ്നേശ്വരിയും. ഉമേഷ് തന്നെയാണു വിഘ്നേശ്വരിയെ എറണാകുളം കലക്ടറേറ്റിലെ വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചത്. കലക്ടർ ദമ്പതികളും മറ്റ് അതിഥികളും വേദിയിലെത്തുമ്പോൾ സദസ്സിൽ വനിതാ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. പുരുഷ ജീവനക്കാരെ കൂടി സദസ്സിലേക്കു ക്ഷണിക്കാൻ കലക്ടർ നിർദേശം നൽകി. വനിതാ ജീവനക്കാരെ മാത്രം ഇരുത്തി വനിതാ ദിനാഘോഷം നടത്തുന്നതിലെ പോരായ്മ വിഘ്നേശ്വരിയും ചൂണ്ടിക്കാട്ടി.