കാട്ടുപന്നി ഓടിച്ചു, വീട്ടമ്മ 22 മണിക്കൂർ പൊട്ടക്കിണറ്റിൽ
Mail This Article
അടൂർ ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കിണറ്റിൽ വീണ വീട്ടമ്മ മരണത്തെ മുഖാമുഖം കണ്ട് ഒരു രാത്രി മുഴുവൻ കിണറിന്റെ തിട്ടയിൽപിടിച്ചുനിന്നു. നാട്ടുകാർ കണ്ടെത്തി പുറത്തെത്തിച്ചത് 22 മണിക്കൂറുകൾക്കുശേഷം.
അടൂർ വയല ഉടയാൻവിള പ്ലാവിളയിൽ ബാബുവിന്റെ ഭാര്യ എലിസബത്ത് ബാബുവിനാണ് (54) പുതുജീവൻ ലഭിച്ചത്. വീടിനു സമീപത്തെ പുരയിടത്തിൽ പശുവിനു പുല്ലുപറിക്കുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണു സംഭവം. കുതിച്ചെത്തിയ കാട്ടുപന്നി എലിസബത്തിന്റെ കയ്യിൽ ഇടിച്ചു.
പന്നി വീണ്ടും ആക്രമിക്കാൻ വരുന്നതു കണ്ട് എലിസബത്ത് ഭയന്നോടി സമീപത്തുള്ള ഉപയോഗമില്ലാത്ത കിണറിന്റെ ആൾമറയിൽ കയറി നിന്നു. എന്നിട്ടും പന്നി പോകാത്തതിനാൽ, കിണറിന്റെ മുകളിൽ നിരത്തിയിട്ടിരുന്ന പലകകൾക്കു മുകളിലേക്കു കയറി നിൽക്കാനുള്ള ശ്രമത്തിനിടെ അത് ഒടിഞ്ഞ് 50 അടി ആഴമുള്ള കിണറ്റിലേക്കു വീഴുകയായിരുന്നു. കഴുത്തറ്റം വെള്ളം കിണറ്റിലുണ്ടായിരുന്നു.
പലതവണ അലറി വിളിച്ചെങ്കിലും പുറത്തേക്കു കേൾക്കാഞ്ഞതിനാൽ ആരുമറിഞ്ഞില്ല. വൈകിട്ട് 7നു വീട്ടിലെത്തിയ വെൽഡിങ് ജോലിക്കാരനായ ഭർത്താവ് ബാബു എലിസബത്തിനെ വീട്ടിലും പരിസരത്തുമെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രാവിലെയും വിവരം ലഭിക്കാതെ വന്നതോടെ 11ന് അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഉച്ചയ്ക്ക് മൂന്നിനു പഞ്ചായത്ത് അംഗം സൂസൻ ശശികുമാറിന്റെയും മുൻ പഞ്ചായത്ത് അംഗം ശൈലേന്ദ്രനാഥിന്റെയും നേതൃത്വത്തിൽ വീണ്ടും തിരച്ചിൽ നടത്തി. ഞരക്കം കേട്ടു നോക്കിയപ്പോഴാണ് അവശനിലയിലായ എലിസബത്തിനെ കണ്ടത്. തുടർന്നു സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന കിണറ്റിലിറങ്ങി രക്ഷപ്പെടുത്തി. കൈക്കു പരുക്കേറ്റ എലിസബത്തിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.