ഷിയാസിനെ എടുത്തിരിക്കുമെന്ന് വെല്ലുവിളിച്ച് ഡിവൈഎസ്പി; മുന്നിൽ നിർത്തി, ‘കാണട്ടെ’ എന്ന് കുഴൽനാടനും– വിഡിയോ
Mail This Article
കോതമംഗലം ∙ ‘ഇവനെ ഞങ്ങൾ എടുത്തിരിക്കും. ഉറപ്പായും എടുത്തിരിക്കും...’ മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ. തോമസ് കോടതിവളപ്പിൽ പരസ്യമായി മാത്യു കുഴൽനാടൻ എംഎൽഎയെ വെല്ലുവിളിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കേസിൽ കുടുക്കി അകത്തിടുമെന്നായിരുന്നു ഡിവൈഎസ്പിയുടെ പരസ്യ വെല്ലുവിളി. ‘നിങ്ങൾ എടുക്ക്, കാണട്ടെ’ എന്ന് കുഴൽനാടനും അക്ഷോഭ്യനായി മറുപടി നൽകിയതോടെ സംഘർഷം മുറുകി.
Read Also: ചെങ്കടലിൽ ഹൂതി മിസൈൽ ആക്രമണത്തിൽ 3 മരണം; കപ്പൽ ജീവനക്കാർ കൊല്ലപ്പെടുന്നത് ആദ്യം...
കോതമംഗലം കോടതി വളപ്പായിരുന്നു ഇന്നലെ മണിക്കൂറോളം അരങ്ങേറിയ സംഘർഷത്തിന്റെ വേദി. എന്തു വിലകൊടുത്തും ഷിയാസിനെ ‘പൂട്ടാൻ’ പൊലീസ് നടത്തിയ ശ്രമം ഇന്നലെയും കോതമംഗലത്തെ സംഘർഷകേന്ദ്രമായി മാറ്റി. നേർക്കുനേർ വെല്ലുവിളികളും സംഘർഷവും വാക്കു തർക്കവും. തിങ്കളാഴ്ച കാട്ടാന ആക്രമണത്തിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി നഗരത്തിൽ യുഡിഎഫ് പ്രതിഷേധം നടത്തിയതുമായി ബന്ധപ്പെട്ടു രണ്ടു കേസുകളിൽ മുഹമ്മദ് ഷിയാസിനും മാത്യു കുഴൽനാടനും ഇന്നലെ രാവിലെ കോടതി ജാമ്യം നൽകിയിരുന്നു. ഒപ്പം, അറസ്റ്റിലായ 14 പ്രവർത്തകർക്കും ജാമ്യം ലഭിച്ചു.
കോടതിയിൽനിന്നു പുറത്തിറങ്ങിയ ഷിയാസ് മാധ്യമപ്രവർത്തകരോടു സംസാരിച്ചശേഷം എറണാകുളത്തേക്കു പോകാൻ വാഹനത്തിൽ കയറാൻ തുടങ്ങുമ്പോഴാണു പൊലീസ് അടുത്ത അറസ്റ്റിനുള്ള ശ്രമം നടത്തിയത്. പ്രവർത്തകർ ഈ നീക്കം തടഞ്ഞു ഷിയാസിനെ കോടതി മുറിക്കുള്ളിലേക്കു കൊണ്ടുപോയി. പൊലീസ് വാഹനം ആക്രമിച്ചെന്ന കേസിലായിരുന്നു വീണ്ടും അറസ്റ്റിനുള്ള നീക്കം.
ഹൈക്കോടതി അറസ്റ്റ് തടഞ്ഞ റിപ്പോർട്ട് മജിസ്ട്രേട്ട് കോടതിയെ അറിയിച്ചതോടെ ഡിവൈഎസ്പിയെ കയ്യേറ്റം ചെയ്ത കുറ്റത്തിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതും നാലാമതൊരു കേസ് കൂടിയുണ്ടെന്നും അതിലാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. ഈ കേസിൽ ഇരുകൂട്ടരുടെയും വാദം കേട്ട മജിസ്ട്രേട്ട് രാത്രി 7 മണിയോടെ ജാമ്യം അനുവദിച്ചു.