‘ആന’മണ്ഡലത്തെ ആരു മെരുക്കും?
Mail This Article
തൊടുപുഴ ∙ ഇടുക്കിയെ ഹൈറേഞ്ച്, ലോറേഞ്ച് എന്നിങ്ങനെ രണ്ടായി തിരിച്ചാണു പൊതുവേ പറയുക. മൂന്നാമതൊരു മേഖല കൂടി കൂട്ടിച്ചേർക്കപ്പെട്ട സമയത്താണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് – അനിമൽ റേഞ്ച്! ആനയെയും കാട്ടുപോത്തിനെയും കാട്ടുപന്നിയെയും കണികണ്ട് ഉണരുന്ന ഇടുക്കിക്കാർ ഇനി സ്ഥാനാർഥികളെ കണികാണുന്ന കാലം. ഇടുക്കിയുടെ തേര് ആരു തെളിക്കുമെന്നതല്ല, ഇടുക്കിയിലെ ആനകളെ ആരു മെരുക്കുമെന്നതാണ് തിരഞ്ഞെടുപ്പു വിഷയം. കേരളത്തിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലമായ ഇടുക്കി ഇപ്പോൾ ശരിക്കും ‘ആന’മണ്ഡലമായി.
2 മാസത്തിനിടെ 5 ജീവൻ കാട്ടാനക്കലിയിൽ പൊലിഞ്ഞ നാട്ടിൽ മറ്റൊരു രാഷ്ട്രീയവും അതിജീവനത്തെക്കാൾ വലുതല്ല. 10 വർഷം മുൻപ് തങ്ങളുടെ ഭൂമിയിൽനിന്നു സർക്കാർ ഇറക്കിവിടുമോ എന്ന പേടിയിൽ ഒന്നിച്ച് അണിചേർന്ന നാട് ഇന്ന് കാട്ടാനകൾ ഇറക്കിവിടുമോ എന്ന ഭയത്തിലാണ്. അന്നു പ്രതിസ്ഥാനത്ത് കസ്തൂരിരംഗൻ റിപ്പോർട്ട് ആയിരുന്നെങ്കിൽ ഇന്ന് വന്യമൃഗങ്ങളാണ്. അന്നു സാഹചര്യത്തിന്റെ ഗുണം ലഭിച്ച എൽഡിഎഫും തിരിച്ചടി നേരിട്ട യുഡിഎഫും ഇന്നു നേർവിപരീത സാഹചര്യത്തിലാണ് മത്സരത്തിനൊരുങ്ങുന്നത്. അന്ന് ഏറ്റുമുട്ടിയ സ്ഥാനാർഥികൾ വീണ്ടും കളത്തിൽ നിറയുകയും ചെയ്യുന്നു.
∙ ആന മുതൽ തൂമ്പ വരെ
‘കയ്യേറ്റക്കാരല്ല ഞങ്ങൾ കുടിയേറ്റക്കാർ’ എന്ന മുദ്രാവാക്യമാണ് കഴിഞ്ഞ നാളുകളിൽ മണ്ഡലത്തിൽ ഏറ്റവും ഉയർന്നുകേട്ടത്. ഇടുക്കി ജില്ലയാകെ നിർമാണനിരോധനക്കുരുക്കിലായതും കുരുക്കഴിക്കാമെന്ന സർക്കാർ വാഗ്ദാനം 4 വർഷം കഴിഞ്ഞിട്ടും പാലിക്കപ്പെടാത്തതും ആളുകളുടെ മനസ്സിലുണ്ട്.
∙ മൂന്നാമങ്കം
സിറ്റിങ് എംപി ഡീൻ കുര്യാക്കോസിനെതിരെ ഇടതുമുന്നണി സ്ഥാനാർഥിയായി ജോയ്സ് ജോർജ് എത്തുന്നതോടെ ഇരുവരുടെയും ഹാട്രിക് പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുക. ഗാഡ്ഗിൽ – കസ്തൂരിരംഗൻ വിഷയം കത്തിനിന്ന 2014 ലെ തിരഞ്ഞെടുപ്പിലാണ് ഡീനും ജോയ്സും തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്നത്തെ സിറ്റിങ് എംപി പി.ടി.തോമസിനെ പിൻവലിച്ചായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഡീൻ കുര്യാക്കോസിന് യുഡിഎഫ് അവസരം നൽകിയത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേഷ്ടാവായിരുന്ന ജോയ്സ് ജോർജിനെ ഇടതുമുന്നണിയും കളത്തിലിറക്കി. അന്ന് സീറ്റ് ഇടതുമുന്നണി സ്വന്തമാക്കി.
2019 ൽ കാറ്റ് തിരിഞ്ഞുവീശി. 2014 ൽ 50,542 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോയ്സ് ജോർജ് വിജയിച്ചതെങ്കിൽ 2019 ൽ ഡീൻ കുര്യാക്കോസിന്റെ ഭൂരിപക്ഷം 1,71,053 വോട്ട്. ഇടുക്കിയിൽ നിർണായക സ്വാധീനമുള്ള കേരള കോൺഗ്രസ് (എം) യുഡിഎഫ് വിട്ടതിനു ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണിത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം. എൻഡിഎയിൽ സീറ്റ് ലഭിച്ച ബിഡിജെഎസ് പുതുമുഖത്തെ പരീക്ഷിക്കാനുള്ള നീക്കമാണു നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം കൂട്ടാൻ സാധിക്കാതെ പോയ ദയനീയ പ്രകടനം ഇത്തവണ മറികടക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.