നിഷേധിക്കപ്പെട്ട സർക്കാർ ജോലി പൊരുതിനേടി നിഷ
Mail This Article
തിരുവനന്തപുരം / കൊല്ലം ∙ വെറും 4 സെക്കൻഡിന്റെ സാങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥർ നിഷേധിച്ച സർക്കാർ ജോലി 6 വർഷത്തെ പോരാട്ടത്തിലൂടെ നിഷ ബാലകൃഷ്ണൻ തിരിച്ചുപിടിച്ചു. ജോലി നൽകാൻ സർക്കാരിനു തീരുമാനിക്കാമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിഷയെ തദ്ദേശ വകുപ്പിൽ എൽഡി ക്ലാർക്കായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കൊല്ലം ചവറ സ്വദേശിയായ നിഷയുടെ ജോലിനിഷേധം പുറത്തുകൊണ്ടുവന്നത് ‘മനോരമ’യാണ്. എറണാകുളം ജില്ലയിൽ 2018 മാർച്ച് 31നു കാലാവധി അവസാനിച്ച എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിലാണ് നിഷ ഉൾപ്പെട്ടിരുന്നത്. ഒഴിവുകൾ മറച്ചുവയ്ക്കാൻ അനുവദിക്കാതെ ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് അവ റിപ്പോർട്ട് ചെയ്യിക്കുകയായിരുന്നു ഉദ്യോഗാർഥികൾ.
കൊച്ചി കോർപറേഷൻ ഓഫിസിൽ തനിക്ക് അർഹതപ്പെട്ട ഒഴിവ് റാങ്ക് പട്ടികയുടെ കാലാവധി തീരാൻ 3 ദിവസം മാത്രം നിൽക്കെ 2018 മാർച്ച് 28നു നഗരകാര്യ ഡയറക്ടറേറ്റിലേക്കു നിഷ റിപ്പോർട്ട് ചെയ്യിച്ചു. നഗരകാര്യ ഡയറക്ടറുടെ ഓഫിസിലെത്തി ഒഴിവ് പിഎസ്‍സിയെ അറിയിക്കണമെന്നും അപേക്ഷിച്ചു. 31നു വൈകുന്നേരത്തിനു മുൻപെങ്കിലും റിപ്പോർട്ട് ചെയ്യണമെന്നു പലതവണ അഭ്യർഥിച്ചെങ്കിലും ഉദ്യോഗസ്ഥൻ എറണാകുളം ജില്ലാ പിഎസ്‌സി ഓഫിസർക്ക് ഇ മെയിൽ അയച്ചത് 31ന് അർധരാത്രി 12ന് ആണ്. 4 സെക്കൻഡ് കൂടി കഴിഞ്ഞാണ് പിഎസ്‌സി ഓഫിസിൽ ഇതു ലഭിച്ചതെന്നു പറഞ്ഞ് ജോലി നിഷേധിക്കപ്പെട്ടു.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഹർജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിച്ചു. പുതിയ റാങ്ക് പട്ടിക നിലവിൽ വന്നതു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇടപെട്ടില്ല. തുടർന്നു നിഷ ഹൈക്കോടതിയിൽ റിവ്യൂ പെറ്റിഷൻ നൽകി. ഇതിനിടെ പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രി ഭരണപരിഷ്കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെ നിയോഗിച്ചു. നഗരകാര്യ ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചെന്നായിരുന്നു കണ്ടെത്തൽ. പിന്നാലെ ഹൈക്കോടതിയും അനുകൂല നിലപാടെടുത്തതോടെ നിഷ വീണ്ടും നൽകിയ അപേക്ഷയാണ് മന്ത്രിസഭ പരിഗണിച്ചത്. ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതലായിരിക്കും സീനിയോറിറ്റി.