കുസാറ്റ് ദുരന്തം: ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കണമെന്ന് മുൻ പ്രിൻസിപ്പൽ
Mail This Article
കൊച്ചി ∙ കുസാറ്റിൽ നവംബർ 25ന് തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കണമെന്നു സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലായിരുന്ന ഡോ.ദീപക് കുമാർ സാഹു ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയിലാണു മുൻ പ്രിൻസിപ്പൽ സത്യവാങ്മൂലം നൽകിയത്.
സർവകലാശാല ഉന്നതാധികാരികളെ സംരക്ഷിക്കാനായി തന്നെയും സംഘാടക സമിതിയിലെ മറ്റ് അംഗങ്ങളെയും ബലിയാടുകളാക്കരുതെന്നു പ്രത്യേക അന്വേഷണ സംഘത്തിനു നിർദേശം നൽകണം. പിഴവുകൾ തിരുത്താൻ പര്യാപ്തമായ ശുപാർശകൾ നൽകുന്നതാകണം സർക്കാർ അന്വേഷണം. സംഘാടക സമിതി അംഗങ്ങളുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ല.
ഓഡിറ്റോറിയത്തിന്റെ രൂപകൽപനയുൾപ്പെടെയുള്ള കാരണങ്ങളാണ് അപകടത്തിലേക്കു നയിച്ചതെന്നും വ്യക്തമാക്കുന്നു. കേസിൽ ഡോ.ദീപക് കുമാർ ഉൾപ്പെടെയുളളവരെ പ്രതി ചേർത്തിരുന്നു.