കോൺഗ്രസ് പട്ടികയിലെ ആ സർപ്രൈസ് മുരളീധരന്റെ ‘മാസ് എൻട്രി’; വടകരയിൽ ഷാഫിക്കും നായകതുല്യ ‘എൻട്രി’
Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുമുണ്ടായതിനു സമാനമായി കെ.മുരളീധരന്റെ ‘മാസ് എൻട്രി’ തന്നെയാണു കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിലെ സർപ്രൈസ്. വടകരയിൽ ഷാഫി പറമ്പിലിനും നായകതുല്യ എൻട്രി നൽകിയതോടെ, സിറ്റിങ് എംപിമാരുടെ പട്ടിക പ്രതീക്ഷിച്ചിരുന്ന പ്രവർത്തകർക്കു ലഭിച്ചതു വമ്പൻ ട്വിസ്റ്റ്. വയനാട്ടിൽ രാഹുൽ ഗാന്ധിയും ആലപ്പുഴയിൽ കെ.സി.വേണുഗോപാലും തിരുവനന്തപുരത്തു ശശി തരൂരും മത്സരിക്കുന്നതോടെ 3 മേഖലകളിലും ദേശീയ നേതാക്കളുടെ സാന്നിധ്യവുമുറപ്പിച്ചു.
വടകരയിൽ 2019ൽ പി.ജയരാജൻ എൽഡിഎഫ് സ്ഥാനാർഥിയായപ്പോൾ ആരു നേരിടുമെന്ന ചോദ്യത്തിനു മുരളീധരനായിരുന്നു മറുപടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി അക്കൗണ്ട് ആരു പൂട്ടിക്കുമെന്ന ചോദ്യത്തിനും ഉത്തരം മുരളിയായിരുന്നു. ജയിച്ചില്ലെങ്കിലും ആ വരവോടെ ബിജെപിക്ക് ഏക സിറ്റിങ് സീറ്റ് നഷ്ടമായി. ബിജെപിക്കു വിജയസാധ്യതയുള്ളിടത്തു കോൺഗ്രസ് തുറുപ്പുചീട്ടായി അവതരിപ്പിക്കുന്ന മുരളീധരനെ പക്ഷേ, ഇത്തവണ തൃശൂരിൽ ഇറക്കിയതു സഹോദരി പത്മജയുടെ ബിജെപി പ്രവേശമാണ്. കരുണാകരന്റെ മകളെ റാഞ്ചിയെടുത്ത ബിജെപിക്ക്, അവർ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന തൃശൂരിൽ കരുണാകരന്റെ മകനിലൂടെ തിരിച്ചടി. മത്സരത്തിൽനിന്നു പിൻമാറേണ്ടിവന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹിക്കുന്ന സിറ്റിങ് എംപി ടി.എൻ.പ്രതാപനു പരിഭവമില്ല.
മുരളീധരൻ വടകര വിടുമ്പോൾ പകരം ഷാഫി എന്ന പേരിലേക്കെത്തിയത് ഏറെ ആലോചനകൾക്കു ശേഷമാണ്. സിപിഎമ്മിന്റെ കരുത്തയായ സ്ഥാനാർഥി കെ.കെ.ശൈലജയെ നേരിടാൻ യോജിച്ചയാൾ വേണമെന്ന അന്വേഷണമാണു ഷാഫിയിലേക്ക് എത്തിയത്. ന്യൂനപക്ഷ പ്രാതിനിധ്യം എന്നതിലുപരി, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് ഇ.ശ്രീധരനോടു പൊരുതി ജയിച്ച ഷാഫിക്ക് പാർട്ടിയിൽ പോരാളിയുടെ പ്രതിഛായയുണ്ട്. യുവാക്കൾക്കിടയിലെ സ്വാധീനവും കണക്കിലെടുത്തു.
ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ അല്ലാതെ മറ്റൊരു പേരു നിർദേശിക്കാൻ കേരളത്തിലെ നേതാക്കൾക്കുണ്ടായിരുന്നില്ല. കഴിഞ്ഞതവണ നഷ്ടമായ ഏക സീറ്റ് എന്നതും പരിഗണിച്ചു. രാജ്യസഭാംഗമായി 2 വർഷത്തിലേറെ കാലാവധി ബാക്കിയുള്ള വേണുഗോപാൽ മത്സരിക്കാനിറങ്ങുന്നത് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനു കോൺഗ്രസ് നൽകുന്ന പ്രാധാന്യം കൂടിയാണു കാണിക്കുന്നത്.
ബിജെപി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടും
തൃശൂരിൽ പത്മജയെ എനിക്കെതിരെ ബിജെപി മുന്നിൽ നിർത്തിയാൽ എന്റെ പണി അത്രയും കുറയും. ബിജെപി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടും. കരുണാകരന്റെ വ്യക്തിത്വത്തെ രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്തിട്ടില്ല. കരുണാകരന്റെ ചിത്രം സംഘികൾ ഉപയോഗിക്കാൻ ഇടയാക്കിയത് മാങ്കൂട്ടത്തിൽ അല്ല. -കെ.മുരളീധരൻ