കെടിഡിസി ചെയർപഴ്സനായി തുടക്കം; രാഷ്ട്രീയകാര്യസമിതി അംഗമായി മടക്കം
Mail This Article
തിരുവനന്തപുരം ∙ പാർട്ടിയുടെ അവഗണനയിൽ മനസ്സു മടുത്തു ബിജെപിയിലേക്കു നീങ്ങിയെന്നാണ് പത്മജ വേണുഗോപാലിന്റെ ന്യായീകരണമെങ്കിലും അവർക്കു വേണ്ടത്ര അവസരങ്ങൾ നൽകിയതായി കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തു കെ.കരുണാകരൻ സ്മാരകത്തിന്റെ നിർമാണച്ചുമതല കെപിസിസി ഏൽപിച്ചിരുന്നത് പത്മജ ട്രഷററായ കരുണാകരൻ ഫൗണ്ടേഷനെയാണ്. ഇതിനായി ബൂത്തുകളിൽനിന്ന് ഒന്നരക്കോടിയോളം രൂപ പിരിച്ചെടുത്തു.
പത്മജയ്ക്കു നൽകിയ പ്രധാന സ്ഥാനങ്ങൾ: കെടിഡിസി ചെയർപഴ്സൻ (2001), മുകുന്ദപുരം ലോക്സഭാ മണ്ഡലം സ്ഥാനാർഥി (2004), തൃശൂർ നിയമസഭാ മണ്ഡലം സ്ഥാനാർഥി (2016), കെപിസിസി വൈസ് പ്രസിഡന്റ് (2020), തൃശൂർ നിയമസഭാ മണ്ഡലം സ്ഥാനാർഥി (2021), വോട്ടവകാശമുള്ള എഐസിസി അംഗം (2023), കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം (2024 ജനുവരി).
∙ ഇ.ഡി പേടിയെന്ന് പ്രചാരണം
ഇ.ഡിയെ പേടിച്ചാണു പത്മജ ബിജെപിയിൽ ചേർന്നതെന്ന തരത്തിൽ അവരുടെ പേരിലുള്ള ഫെയ്സ്ബുക് പേജിൽ വന്ന പോസ്റ്റ് വ്യാപകമായി പ്രചരിച്ചു. ‘ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയേ നിവൃത്തി കണ്ടുള്ളൂ’ എന്ന പോസ്റ്റാണു പ്രചരിച്ചത്. ‘പേജിന്റെ അഡ്മിൻ ബിജെപിയിൽ പോയിട്ടില്ല’ എന്ന തലക്കെട്ടോടെ പല കോൺഗ്രസ് നേതാക്കളും പോസ്റ്റ് പങ്കുവച്ചു.