ADVERTISEMENT

തിരുവനന്തപുരം ∙ കാലിക്കറ്റ്, സംസ്കൃത സർവകലാശാലകളിൽ യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ച വൈസ് ചാൻസലർ(വി.സി)മാരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. കാലിക്കറ്റ് വി.സി: ഡോ. എം.കെ.ജയരാജ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വി.സി: ഡോ. എം.വി.നാരായണൻ എന്നിവരുടെ നിയമനം മുൻകാല പ്രാബല്യത്തോടെ അസാധുവാക്കിയെന്നു ഗവർണർ ഉത്തരവിറക്കി.

അതേസമയം, ഡിജിറ്റൽ സർവകലാശാലാ വി.സി: ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വി.സി: ഡോ.പി.എം.മുബാറക് പാഷ എന്നിവരുടെ കാര്യത്തിൽ തീരുമാനം നീട്ടി. ഇവരുടെ നിയമനം സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ 2 ആഴ്ച കൂടി സമയം വേണമെന്നു യുജിസി അറിയിച്ച സാഹചര്യത്തിലാണിത്. മുബാറക് പാഷ നേരത്തേതന്നെ ഗവർണർക്കു രാജി നൽകിയിരുന്നെങ്കിലും സ്വീകരിച്ചിട്ടില്ല. വി.സിമാരെ പുറത്താക്കിയാലും അവർക്ക് അപ്പീൽ പോകാൻ 10 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഇതിനാൽ പകരം ആർക്കും ചുമതല നൽകിയിട്ടില്ല.

സാങ്കേതിക സർവകലാശാലാ മുൻ വി.സി: ഡോ.എം.എസ്.രാജശ്രീയുടെ നിയമനം അസാധുവാക്കിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. വി.സി എന്ന നിലയിൽ കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചടയ്ക്കേണ്ടിവരില്ല.

സേർച് കമ്മിറ്റി: ചട്ടം പാലിച്ചില്ലെന്ന് യുജിസി

കാലിക്കറ്റ് സർവകലാശാലാ വി.സി നിയമനത്തിനുള്ള സേർച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതാണ് അയോഗ്യതയ്ക്കുള്ള മുഖ്യ കാരണം. സർക്കാരുമായി ബന്ധപ്പെട്ടവർ കമ്മിറ്റിയിൽ പാടില്ലെന്നാണു യുജിസി ചട്ടം. സംസ്കൃത സർവകലാശാലാ വി.സി സ്ഥാനത്തേക്കു പാനലിനു പകരം ഒരു പേരു മാത്രം സമർപ്പിച്ചതാണ് അയോഗ്യതയ്ക്കുള്ള പ്രധാന കാരണം. സേർച് കമ്മിറ്റി അംഗമായിരുന്ന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ.രാമചന്ദ്രൻ കമ്മിറ്റി രൂപീകരണ സമയത്ത് അക്കാദമിക് വിദഗ്ധൻ ആയിരുന്നില്ലെന്ന കാരണവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാലിക്കറ്റ് സേർച് കമ്മിറ്റിയിലും രാമചന്ദ്രൻ അംഗമായിരുന്നു. കാലിക്കറ്റ്, സംസ്കൃത വിസിമാരെ കുറിച്ചുള്ള യുജിസിയുടെ അഭിപ്രായം ലഭിച്ചതിനെ തുടർന്നാണു പുറത്താക്കാൻ ഗവർണർ ഉത്തരവിറക്കിയത്.

ഓപ്പൺ, ഡിജിറ്റൽ സർവകലാശാലകളിലെ ആദ്യ വിസിമാരെ സർക്കാരിനു നിയമിക്കാമെങ്കിലും സർവകലാശാലകൾക്കു യുജിസി അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ പുതിയ വിസിയെ സേർച് കമ്മിറ്റി രൂപീകരിച്ചു നിയമിക്കണം. ഇതു പാലിച്ചിട്ടില്ല. ആദ്യ വിസിമാരുടെ കാര്യത്തിൽ എന്തു നിലപാടു സ്വീകരിക്കണം എന്നറിയിക്കാനാണ് 2 ആഴ്ചത്തെ സമയം യുജിസി ആവശ്യപ്പെട്ടത്. 6 ആഴ്ചയ്ക്കുള്ളിൽ തീരുമാനിക്കണമെന്നു ഹൈക്കോടതി നിർദേശിച്ച സാഹചര്യത്തിൽ ഇതുവരെ ഗവർണർ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കും.

10 ദിവസത്തിനകം സ്ഥാനമൊഴിയണം

‘കോടതി നൽകിയ സമയപരിധി കൂടി കണക്കിലെടുത്താണു 2 വൈസ് ചാൻസലർമാരെ മാറ്റാനുള്ള ഉത്തരവു പുറപ്പെടുവിച്ചത്. സ്ഥാനം ഒഴിയാൻ 10 ദിവസത്തെ സാവകാശം നൽകും. കോടതി നിർദേശിച്ച നടപടി ആയതിനാൽ കൂടുതൽ പ്രതികരിക്കാനില്ല.’ – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

English Summary:

Two vice chancellors out; Governor's action in Calicut and Sanskrit Universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com