‘സർപ്രൈസി’നു ശേഷം കോൺഗ്രസ് കളത്തിൽ
Mail This Article
തിരുവനന്തപുരം ∙ തൃശൂരിലും വടകരയിലും ആലപ്പുഴയിലുമുണ്ടായ ‘സർപ്രൈസി’ന്റെ ആവേശം ചോരാതെ, കോൺഗ്രസ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങി. ഇന്നലെ തൃശൂരിൽ എത്തിയ കെ.മുരളീധരനു കോൺഗ്രസ് പ്രവർത്തകർ വൻ സ്വീകരണം നൽകി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഇന്നലെത്തന്നെ കളത്തിലിറങ്ങി.
വടകരയിൽ അപ്രതീക്ഷിത സ്ഥാനാർഥിയായ ഷാഫി പറമ്പിൽ എംഎൽഎ ഇന്നു മാത്രമേ മണ്ഡലത്തിലെത്തുകയുള്ളൂ. വൈകിട്ടു പാർലമെന്റ് മണ്ഡലം കൺവൻഷനിലേക്കാണു ഷാഫിയുടെ വരവ്. ഡൽഹിയിലുള്ള കെ.സി.വേണുഗോപാലും ശശി തരൂരും ഇന്നു മണ്ഡലത്തിലെത്തും. പ്രകടന പത്രിക തയാറാക്കുന്ന സമിതിയോഗത്തിൽ പങ്കെടുക്കുകയാണു തരൂർ. ഭാരത് ജോഡോ ന്യായ് യാത്ര 17നാണു സമാപിക്കുകയെന്നതിനാൽ ഇതിനു ശേഷമാകും വയനാട്ടിലേക്കു രാഹുൽ ഗാന്ധി എത്തുന്നത്.
അതിനിടെ രാഹുലും വേണുഗോപാലും കേരളത്തിൽ മത്സരിക്കുന്നതിനെതിരെ ഇടതു കേന്ദ്രങ്ങളിൽനിന്നു വിമർശനമുയർന്നു. രണ്ടു ദേശീയ നേതാക്കളും ബിജെപിക്കെതിരെ മത്സരിക്കാതെ, ഇന്ത്യ മുന്നണിക്കൊപ്പം നിൽക്കുന്ന പാർട്ടികൾക്കെതിരെ മത്സരിക്കുന്നുവെന്നാണു വിമർശനം.
കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും, ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചു നിർണായകമായ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ കോൺഗ്രസിനു ജയിക്കേണ്ടതുണ്ടെന്നും വേണുഗോപാൽ പ്രതികരിച്ചു.
പത്മജയ്ക്ക് മറുപടി പറയാനില്ല
പത്മജ എന്ന ബിജെപിക്കാരിയുടെ ജൽപനങ്ങൾക്ക് ഇനി മറുപടിയില്ല. വർഗീയതയ്ക്കെതിരായ യുദ്ധത്തിൽ മറുപക്ഷത്തു രക്തബന്ധുക്കൾ ഉണ്ടാകാം. ആ വേദന യുദ്ധത്തിൽ സ്വാധീനിക്കാൻ പാടില്ല. വ്യക്തിപരമായ വേദനകൾക്ക് ഈ പോരാട്ടത്തിൽ പ്രസക്തി ഇല്ല.
വർഗീയതയ്ക്കെതിരെ സന്ധിയില്ലാതെ പോരാടിയ കരുണാകരന്റെ ആഗ്രഹപൂർത്തീകരണമാകും എന്റെ വിജയം.-കെ. മുരളീധരൻ