കേരള സർവകലാശാലാ യുവജനോത്സവം കൈക്കൂലി: വിധികർത്താവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
Mail This Article
തിരുവനന്തപുരം ∙ കേരള സർവകലാശാല യുവജനോത്സവത്തിൽ കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന് ആരോപണത്തെ തുടർന്ന് വിധികർത്താവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. വിധികർത്താവായ കണ്ണൂർ ചൊവ്വ സ്വദേശി പി.എൻ.ഷാജി (52), പരിശീലകനും ഇടനിലക്കാരനുമെന്നു കരുതുന്ന കാസർകോട് പരപ്പ സ്വദേശി ജോമെറ്റ് (33), മലപ്പുറം താനൂർ സ്വദേശി സി.സൂരജ്(33) എന്നിവരെയാണ് സംഘാടകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന കൊല്ലം ചവറ സ്വദേശി സോനു ശ്രീകുമാറിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാൾക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ വിശ്വാസവഞ്ചന കുറ്റമാണ് ചുമത്തിയത്.
മാർഗംകളി മത്സരം റദ്ദാക്കുകയും ആദ്യ ദിവസം നടന്ന തിരുവാതിര മത്സരത്തിന്റെ ഫലം മരവിപ്പിക്കുകയും ചെയ്തു. മാർഗംകളി മത്സരം നാളെ വീണ്ടും നടത്തും. വെള്ളി വൈകിട്ട് തുടങ്ങി ഇന്നലെ പുലർച്ചെ സമാപിച്ച മാർഗംകളി മത്സരത്തിലെ വിധി നിർണയത്തിനെതിരെ യൂണിവേഴ്സിറ്റി കോളജ് നൽകിയ അപ്പീലിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു കണ്ടെത്തിയതെന്നു സംഘാടകർ പറഞ്ഞു. മത്സരം കഴിയുന്നതുവരെ വിധികർത്താക്കളുടെ മൊബൈൽ ഫോണുകൾ സംഘാടകരാണ് സൂക്ഷിച്ചിരുന്നത്.
വിധികർത്താവായ ഷാജിയുടെ ഫോണിലേക്ക് ജോമെറ്റും സൂരജും പലതവണ വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. മത്സരശേഷം വിധികർത്താക്കളുടെ അനുമതിയോടെ ഫോണുകൾ പരിശോധിക്കുകയും ജോമെറ്റ്, സൂരജ്, സോനു എന്നിവരെ യൂണിവേഴ്സിറ്റി കോളജിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തതോടെ തട്ടിപ്പു പുറത്തായെന്നാണ് സംഘാടകർ പറയുന്നത്.
തുടർന്ന്, കലോത്സവം താൽക്കാലികമായി നിർത്തി വച്ച്, അപ്പീൽ കമ്മിറ്റി യോഗം ചേർന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ നാലു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തങ്ങൾ തെറ്റു ചെയ്തിട്ടില്ലെന്നും തങ്ങളെ ബലിയാടാക്കുകയാണെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിച്ച് വൈകിട്ട് 6 ന് ആണ് ഒന്നാം വേദിയിൽ ഇന്നലെ ആദ്യ മത്സരം നടന്നത്.