ADVERTISEMENT

കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യംചെയ്തപ്പോൾ ചുരുളഴിഞ്ഞ ഇരട്ടക്കൊലക്കേസിൽ, കൊല്ലപ്പെട്ട വിജയന്റെ (65) മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ പൊളിച്ചപ്പോഴാണ് നെല്ലാനിക്കൽ എൻ.ജി.വിജയന്റേതെന്നു കരുതുന്ന മൃതദേഹം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയ്ക്കുശേഷമേ മൃതദേഹം വിജയന്റേതാണെന്നു പൂർണമായി സ്ഥിരീകരിക്കാനാകൂ.

കേസിലെ മുഖ്യപ്രതിയും വിജയന്റെ കുടുംബത്തിനൊപ്പം കഴിയുകയും ചെയ്തിരുന്ന പുത്തൻപുരയ്ക്കൽ നിതീഷിനെ (രാജേഷ്–31) വാടകവീട്ടിലെത്തിച്ചു നടത്തിയ പരിശോധനയിലാണു വിജയന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ ഒരു മുറിയിൽ അഞ്ചടി താഴ്ചയിൽ കുഴിയെടുത്താണ് മൃതദേഹം മറവുചെയ്തിരുന്നത്. തലയുടെ ഭാഗം കാൽമുട്ടിനോടു ചേർന്നുവരുന്ന രീതിയിൽ മൃതദേഹം മൂന്നായി മടക്കി കാർഡ്‌ബോർഡ് പെട്ടിക്കുള്ളിലാക്കി പായ്ക്കിങ് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. കുഴിക്കു മുകളിൽ കോൺക്രീറ്റും ചെയ്തിരുന്നു.

തലയോട്ടിയും അസ്ഥികളുമാണു കുഴിയിൽനിന്നു കണ്ടെത്തിയത്. വിജയൻ ധരിച്ചിരുന്ന പാന്റ്സ്, ഷർട്ട്, ബെൽറ്റ് തുടങ്ങിയവയും കുഴിയിൽനിന്നു ലഭിച്ചു. വിജയനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ നിതീഷ് ഉപയോഗിച്ച ചുറ്റിക വീട്ടിൽനിന്നു കണ്ടെത്തി.

വിജയനെ കൊലപ്പെടുത്തിയ കേസിൽ നിതീഷ് ഒന്നാം പ്രതിയും വിജയന്റെ ഭാര്യ സുമ (57), മകൻ വിഷ്ണു (27) എന്നിവർ രണ്ടും മൂന്നും പ്രതികളുമാണ്. മോഷണശ്രമത്തിനിടെ വീണു പരുക്കേറ്റ് കാലിന് ഒടിവ് സംഭവിച്ച വിഷ്ണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. മാനസികനില മോശമായ രീതിയിലുള്ള സുമയും മകളും ഷെൽറ്റർ ഹോമിലാണുള്ളത്. സുമയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

നിതീഷിന് വിഷ്ണുവിന്റെ സഹോദരിയിലുണ്ടായ നവജാത ശിശുവിനെ അഞ്ചുദിവസം മാത്രം പ്രായമുള്ളപ്പോൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ നിതീഷ് ഒന്നാം പ്രതിയും കൊല്ലപ്പെട്ട വിജയൻ രണ്ടാം പ്രതിയും വിഷ്ണു മൂന്നാം പ്രതിയുമാണ്. ശിശുവിന്റെ മൃതദേഹം മറവുചെയ്തിട്ടുണ്ടെന്നു സൂചനയുള്ള കട്ടപ്പന സാഗരാ ജംക്‌ഷനിലെ സ്ഥലത്ത് ഇന്നലെ നിതീഷിനെ എത്തിച്ചു. ഇവിടെയുള്ള വീടിനോടു ചേർന്ന തൊഴുത്തിനുള്ളിൽ പൊലീസ് കുഴിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നും പരിശോധന തുടരും.

English Summary:

Kattappana Twin Murder Case: Parts of one body recovered in Police Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com