സിഎഎ: കേരളത്തെ ബാധിക്കില്ല; ആരു ശക്തമായി എതിർക്കുമെന്നതിൽ മത്സരം; പിൻവലിക്കാൻ കേസുകൾ ബാക്കി
Mail This Article
തിരുവനന്തപുരം ∙ പൗരത്വ ഭേദഗതി നിയമത്തെ ഭരണ–പ്രതിപക്ഷങ്ങൾ ഒരുപോലെ എതിർത്ത കേരളത്തിൽ തിരഞ്ഞെടുപ്പുകാലത്ത് കേന്ദ്രതീരുമാനം കൂടുതൽ പ്രതിഷേധമുയർത്തും. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജൻഡയെ ആരാണു ശക്തമായി എതിർക്കുക എന്നതിലാകും മത്സരം. ഭേദഗതി നിയമത്തിനെതിരെ ആദ്യം പ്രമേയം പാസാക്കിയ നിയമസഭ കേരളത്തിലേതാണ്. നിയമത്തെ ഇന്നലെ ന്യായീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്നു സഭ പാസാക്കിയ പ്രമേയത്തെ തള്ളുന്ന അസാധാരണ നടപടിക്കു മുതിർന്നു. നിയമത്തിനെതിരെ സുപ്രീംകോടതിയിൽ പോയ ആദ്യ സംസ്ഥാനവും കേരളമായിരുന്നു. മുസ്‍ലിം ലീഗും ആ ഘട്ടത്തിൽ സുപ്രീം കോടതിയെ സമീപിച്ചു. പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല കക്ഷി ചേരുകയും ചെയ്തു.
Read also: പ്രതിഷേധവുമായി സംസ്ഥാനങ്ങൾ; ആദ്യം പ്രമേയം പാസാക്കിയത് കേരള നിയമസഭ
എൽഡിഎഫും യുഡിഎഫും നിയമത്തിനെതിരെ പ്രതിഷേധം തീർത്തു. ദേശീയ പൗര റജിസ്റ്റർ, ജനസംഖ്യാ കണക്കെടുപ്പ് എന്നിവയോടും സഹകരിക്കില്ലെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കി. യോജിച്ച പ്രക്ഷോഭത്തിന് മുഖ്യമന്ത്രി ക്ഷണിച്ചത് പ്രതിപക്ഷത്ത് ആദ്യം ഭിന്നത സൃഷ്ടിച്ചു. സർവകക്ഷിയോഗത്തിൽ പ്രതിപക്ഷം പങ്കെടുത്തെങ്കിലും സർക്കാർ ബാനറിനു പിന്നിൽ നിൽക്കാനുള്ള ക്ഷണം കെണിയെന്നു വിലയിരുത്തി വേണ്ടെന്നുവച്ചു. തുടർന്ന് എൽഡിഎഫും യുഡിഎഫും അതിലെ കക്ഷികളും പ്രത്യേകമായി സമരരംഗത്തിറങ്ങി. കേരളം പോലെ ബിജെപിവിരുദ്ധ ചേരിയിലുള്ള സംസ്ഥാനങ്ങളിലെ എതിർപ്പ് ഒരു ചുവടു പിന്നോട്ടുവയ്ക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചെന്ന വിലയിരുത്തലാണ് ഇവിടെയുണ്ടായത്.
പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ കേരളത്തിൽ ഇല്ല എന്നതുകൊണ്ടുതന്നെ നിയമം പ്രായോഗികതലത്തിൽ കേരളത്തെ ബാധിക്കില്ല. ന്യൂനപക്ഷ വിഭാഗങ്ങളിൽ അരക്ഷിതബോധത്തിന് ഇടവരുത്തുന്ന നിയമത്തിന് ഇവിടെ രാഷ്ട്രീയ പ്രത്യാഘാതമേറെയാണ്.
കേരളത്തിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും ആവർത്തിച്ചെങ്കിലും സുപ്രീംകോടതിയുടെ അനുകൂല ഇടപെടൽ അതിനു വേണ്ടിവരും. ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണ് നിയമം എന്ന വാദമാണ് കേരളം മുഖ്യമായി ഉന്നയിച്ചിരിക്കുന്നത്. 21, 25 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന, ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശവും ആശയസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശവും ലംഘിക്കപ്പെടുന്നതായും മുസ്‌ലിംകളോടു വിവേചനം കാട്ടുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം കൂടി ആവശ്യപ്പെട്ട പ്രകാരമാണു കേരളം കോടതിയിലെത്തിയത്.
കേന്ദ്ര വിജ്ഞാപനം വന്നതോടെ വീണ്ടും പോർമുഖം തുറക്കാനാണ് എൽഡിഎഫും യുഡിഎഫും ഒരുങ്ങുന്നത്. നാളെ ചേരുന്ന കോൺഗ്രസ് നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഈയാഴ്ച പുതിയ സാഹചര്യം വിലയിരുത്തും.
∙ പിൻവലിക്കാൻ കേസുകൾ ബാക്കി
തിരുവനന്തപുരം ∙ പൗരത്വ ഭേദഗതി നിയമത്തെ കേരളം ശക്തമായി എതിർക്കുന്നെങ്കിലും അതുമായി ബന്ധപ്പെട്ട കേസുകളിൽ ഭൂരിപക്ഷവും പിൻവലിച്ചിട്ടില്ല. ആകെ 835 കേസാണ് എടുത്തത്. ഇതിൽ ഗുരുതര ക്രിമിനൽ സ്വഭാവമുള്ള കേസുകൾ 103.
ഗുരുതരമല്ലാത്തതും അക്രമസ്വഭാവം ഇല്ലാത്തതുമായ കേസുകളേ പിൻവലിക്കൂ എന്ന നിലപാടാണ് സർക്കാരിന്റേത്. അതുപ്രകാരം പിൻവലിച്ചത് 63 കേസുകൾ. അക്രമക്കേസുകൾ കോടതി തീർപ്പാക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.