ADVERTISEMENT

തിരുവനന്തപുരം∙ എവിജിസി-എക്സ്ആർ (അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്- എക്സ്റ്റെൻഡഡ് റിയാലിറ്റി) മേഖലയിൽ 5 വർഷം കൊണ്ട് 50,000 തൊഴിലവസരം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന സമഗ്ര നയത്തിനു മന്ത്രിസഭയുടെ അംഗീകാരം. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ കാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത 5 വർഷത്തിനുള്ളിൽ സർക്കാർ ലഭ്യമാക്കും. മൾട്ടിനാഷനലുകൾ ഉൾപ്പെടെ 250 കമ്പനികൾ തുടങ്ങും. ഇതിലൂടെ രാജ്യത്തെ എവിജിസി-എക്സ്ആർ കയറ്റുമതി വരുമാനത്തിന്റെ 10% നേടുകയാണ് ലക്ഷ്യം.

കേരള സ്റ്റാർട്ടപ് മിഷൻ, കെഎസ്ഐഡിസി, ചലച്ചിത്ര വികസന കോർപറേഷൻ, ഡിജിറ്റൽ സർവകലാശാല, സാങ്കേതിക സർവകലാശാല, സിഡിറ്റ്, കെ ഫോൺ, കെ ഡിസ്ക്, കേരള നോളജ് ഇക്കണോമി മിഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്ത പ്രവർത്തനമാണ് എവിജിസി-എക്സ്ആർ മേഖലയ്ക്കു പ്രയോജനപ്പെടുത്തുക. കേരള സ്റ്റാർട്ടപ് മിഷൻ 150 എവിജിസി-എക്സ്ആർ സ്റ്റാർട്ടപ്പുകളെ ഇൻക്യുബേറ്റ് ചെയ്യും. കെ ഡിസ്ക് ആസൂത്രണം ചെയ്ത വർക്ക് നിയർ ഹോം പദ്ധതിയിൽ എവിജിസി-എക്സ്ആർ ലാബുകൾ നിർമിക്കും. തിരുവനന്തപുരത്തു മികവിന്റെ കേന്ദ്രം ആരംഭിക്കും. എവിജിസി-എക്സ്ആർ അഭിരുചി വളർത്താൻ വിദ്യാഭ്യാസ പദ്ധതിയിൽ പരിഷ്കാരങ്ങൾ വരുത്തും. അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഇ സ്പോർട്സ്, ഗെയിം രൂപകൽപന തുടങ്ങിയ സാങ്കേതിക വിഷയങ്ങൾക്കു പ്രാധാന്യം നൽകിയാവും കോഴ്സുകൾ. ഈ മേഖലയിൽ മുൻപരിചയമുള്ളവർക്കു റെക്കഗ്‌നി‍ഷൻ ഓഫ് പ്രയർ ലേണിങ് വഴി ബിരുദം സമ്പാദിക്കാനും അവസരമൊരുക്കുമെന്നും നയത്തിൽ പറയുന്നു.

English Summary:

Fifty thousand jobs in five years: Cabinet approves policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com