ADVERTISEMENT

ന്യൂഡൽഹി / തിരുവനന്തപുരം / മലപ്പുറം ∙ പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് എൽഡിഎഫും യുഡിഎഫും ശക്തമായി രംഗത്തിറങ്ങിയെങ്കിലും യോജിച്ചുളള സമരത്തിനു പകരം പരസ്പരം മത്സരിച്ചുള്ള എതിർപ്പാകും കേരളത്തിൽ ഉയരുക. നിയമത്തോടുള്ള എതി‍ർപ്പിൽ മറുകൂട്ടർക്ക് ആത്മാർഥതക്കുറവുണ്ടെന്ന് ഇരുമുന്നണികളും ആരോപിക്കുന്നു. നിയമത്തെ ശക്തിയുക്തം എതിർക്കുമെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി മുൻപ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാത്തതിലെ ആത്മാർഥതക്കുറവ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. കേസിൽപെട്ടവരിൽ കൂടുതലും ഇടതുമുന്നണി പ്രവർത്തകരാണെന്നാണ് സിപിഎമ്മിന്റെ മറുപടി. 

സിപിഎമ്മുമായി ഒന്നിച്ചുള്ള സമരത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും എന്നാൽ വിഷയത്തിൽ ആര് സമരം ചെയ്താലും പിന്തുണയ്ക്കുമെന്നും മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,  പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി എന്നിവർ വ്യക്തമാക്കി. വൈകാരിക പ്രതികരണം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്നും വിവേകപൂർവമാണു നേരിടേണ്ടതെന്നും ദേശീയ രാഷ്ട്രീയകാര്യ സമിതി യോഗത്തിനുശേഷം നേതാക്കൾ പറഞ്ഞു.

സംസ്ഥാനങ്ങളുടെ അധികാരം പോലും മറികടക്കുന്ന വിധത്തിലാണ് പുതിയ നിയമ നടപടികൾ. അതുകൊണ്ടു തന്നെ കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എത്രത്തോളം നിയമപരമായി നിലനിൽക്കുമെന്ന് അറിയേണ്ടതുണ്ടെന്നും നേതാക്കൾ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നേരത്തേ തന്നെ ഹർജി നൽകിയവരാണ് ഇപ്പോൾ സ്റ്റേ ആവശ്യപ്പെട്ടിരിക്കുന്ന മുസ്‍ലിം ലീഗും ഡിവൈഎഫ്ഐയും.  232 ഹർജികളാണ് നേരത്തേതന്നെ സുപ്രീം കോടതിയിലുള്ളത്. 2022 ഒക്ടോബർ 31നു ശേഷം ഇവ പരിഗണനയ്ക്കു വന്നിട്ടില്ല.

സംശയനിവാരണ രേഖ  രാത്രി പിൻവലിച്ചു

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) ബന്ധപ്പെട്ട സംശയനിവാരണത്തിന് ചോദ്യോത്തര രീതിയിൽ ആഭ്യന്തരമന്ത്രാലയം ഇറക്കിയ രേഖ ഇന്നലെ രാത്രി പിൻവലിച്ചു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ മൂലം കളങ്കപ്പെട്ട ഇസ്‌ലാം മതത്തിന്റെ പ്രതിഛായ വീണ്ടെടുക്കാൻ സിഎഎ ഉപകരിക്കുമെന്നതടക്കമുള്ള പരാമർശങ്ങൾ രേഖയിലുണ്ടായിരുന്നു.

English Summary:

LDF and UDF come out strongly against Citizenship Amendment Act in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com