ADVERTISEMENT

തിരുവനന്തപുരം ∙ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ചും സർക്കാരും ഇടതുമുന്നണിയും ചെയ്തതെല്ലാം എണ്ണിപ്പറഞ്ഞും കോൺഗ്രസ് സ്വീകരിച്ച നിലപാടിനെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. യോജിച്ച പ്രക്ഷോഭത്തിൽനിന്നു പിൻമാറിയതു കോൺഗ്രസാണ്. ബിൽ പാസാക്കിയ 2019 ഡിസംബറി‍ൽ മതനിരപേക്ഷ രാഷ്ട്രീയം മുറുകെപ്പിടിക്കുന്നവർ തെരുവിലിറങ്ങിയപ്പോൾ കോൺഗ്രസ് എംപിമാർ പാർട്ടി അധ്യക്ഷയുടെ വീട്ടിൽ വിരുന്നുണ്ണുകയായിരുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ചട്ടം വിജ്ഞാപനം ചെയ്തു രണ്ടുദിവസമായിട്ടും മല്ലികാർജുൻ ഖർഗെയോ രാഹുൽ ഗാന്ധിയോ മിണ്ടിയിട്ടില്ല. കോൺഗ്രസിന് ഇക്കാര്യത്തിൽ ദേശീയതലത്തിൽ നിലപാടില്ലേ? കോൺഗ്രസ് വിശ്വസിക്കാൻ കൊള്ളാത്ത പാർട്ടിയാണ്. 

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണു കേരളം. എല്ലാവരെയും ഒരുമിപ്പിച്ചു പ്രക്ഷോഭം നടത്തി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു പ്രമേയം പാസാക്കി. 13 ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി കത്തെഴുതി. സുപ്രീംകോടതിയിൽ ഹർജി നൽകി. ഇടതുമുന്നണി മനുഷ്യച്ചങ്ങല തീർക്കുകയും ഭരണഘടനാ സംരക്ഷണ യോഗങ്ങൾ നടത്തുകയും ചെയ്തു. പൗരത്വഭേദഗതി ബില്ലിനെതിരായ സമരങ്ങളെ പലയിടത്തും കേന്ദ്രസർക്കാരും സാമൂഹിക വിരുദ്ധരും നേരിട്ടപ്പോൾ പിന്തുണയുമായെത്തിയത് ഇടതു നേതാക്കളായിരുന്നു. ആദ്യഘട്ടത്തിൽ യോജിപ്പിനു തയാറായ കോൺഗ്രസ് പെട്ടെന്നു ചുവടുമാറ്റി. നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തെപ്പോലും അന്നത്തെ കെപിസിസി പ്രസിഡന്റ് പരിഹസിച്ചു. 

സിഎഎ ബിൽ നാലു വർഷവും മൂന്നു മാസവും മുൻപു പാർലമെന്റിൽ പാസായതാണെന്നും കേന്ദ്രസർക്കാരിന് ഈ വിഷയത്തിൽ ആത്മാർഥതയുണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ നിയമം നടപ്പാക്കാമായിരുന്നില്ലേ എന്നുമാണ് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി ഇപ്പോൾ പറയുന്നത്. കോൺഗ്രസിനു നിയമം നടപ്പാക്കുന്നതിൽ പ്രശ്നമില്ലെന്നും, തിരഞ്ഞെടുത്ത സമയമാണു പ്രശ്നമെന്നുമല്ലേ ഇതിൽനിന്നു മനസ്സിലാക്കാനാവുക? പല ജനവിരുദ്ധ നിയമങ്ങളെയും ചെറുത്തുതോൽപിച്ച പാരമ്പര്യം കേരളത്തിനുണ്ടെന്നും ഇക്കാര്യത്തിലും അതുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

‘അന്വേഷണ ഘട്ടത്തിൽ ഒരു കേസ് മാത്രം’

കേരളത്തിൽ സിഎഎ വിരുദ്ധ സമരത്തിലെ ഒരു കേസ് മാത്രമാണ് ഇപ്പോൾ അന്വേഷണ ഘട്ടത്തിലുള്ളതെന്നു മുഖ്യമന്ത്രി. 835 കേസ് റജിസ്റ്റർ ചെയ്തതിൽ 629 എണ്ണം സർക്കാർ സമ്മതിച്ച് കോടതിവഴി പിൻവലിച്ചു. കോടതിയുടെ പരിഗണനയിൽ ഇപ്പോഴുള്ള 206 കേസിൽ 84 കേസ് പിൻവലിക്കാൻ സമ്മതം നൽകിയിട്ടുണ്ട്. കേസ് തീർപ്പാക്കാൻ സർക്കാരിന് അപേക്ഷ ലഭിക്കാത്തതും ഗുരുതര സ്വഭാവമുള്ളതുമായ കേസുകൾ മാത്രമാണു തുടരുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary:

Citizenship Amendment act will not be implemented in Kerala; Chief Minister Pinarayi vijayan ridiculed Congress stand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com