കട്ടപ്പന ഇരട്ടക്കൊലപാതകം: മുഖ്യപ്രതി കസ്റ്റഡിയിൽ തുടരും
Mail This Article
കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞ ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷ് രാജന്റെ (രാജേഷ്-31) പൊലീസ് കസ്റ്റഡി 16 വരെ നീട്ടി.
നിതീഷ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാവാത്തതാണു കസ്റ്റഡി കാലാവധി നീട്ടാൻ കാരണം. നിതീഷ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും പലതവണ മൊഴി മാറ്റിപ്പറഞ്ഞതായും പൊലീസ് കോടതിയെ ധരിപ്പിച്ചു.
നിതീഷിനൊപ്പം മോഷണശ്രമം നടത്തവേ പിടിയിലായ വിഷ്ണുവിനെ പീരുമേട് സബ് ജയിലിലേക്കു മാറ്റിയിട്ടുണ്ട്. പരുക്കേറ്റു ചികിത്സയിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് ആശുപത്രിവിട്ടത്. ഇയാളെയും കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി.
വിജയനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യ സുമയെയും ഉടൻ അറസ്റ്റ് ചെയ്തേക്കും. സുമ, വിഷ്ണു, നിതീഷ് എന്നിവരെ ഒന്നിച്ചു ചോദ്യം ചെയ്ത് ശിശുവിന്റെ മൃതദേഹാവശിഷ്ടം എവിടെയാണെന്നു സ്ഥിരീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയുടെ മാനസികനില മോശമാണെന്നു പൊലീസ് കോടതിയെ ധരിപ്പിച്ചു.
പോസ്റ്റ്മോർട്ടം നീളാൻ സാധ്യത
ഏറ്റുമാനൂർ ∙ കേസിൽ പോസ്റ്റ്മോർട്ടം നടപടികൾ ദിവസങ്ങളോളം നീളാൻ സാധ്യത. തെളിവുകളൊന്നും നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരമൊരു നീക്കം. കട്ടപ്പന നെല്ലാനിക്കൽ എൻ. ജി.വിജയന്റേതെന്നു കരുതപ്പെടുന്ന മൃതദേഹമാണു പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചിരിക്കുന്നത്.