കട്ടപ്പന ഇരട്ടക്കൊലപാതകം: രണ്ടാം പ്രതി വീണ്ടും ആശുപത്രിയിൽ
Mail This Article
കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞ ഇരട്ടക്കൊലപാതകക്കേസിൽ മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷ് രാജന്റെ (രാജേഷ്-31) ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി, വിധി പറയുന്നതു മാറ്റിവച്ചു. കക്കാട്ടുകടയിൽ വാടകയ്ക്കു താമസിച്ചിരുന്ന നെല്ലിപ്പള്ളിൽ വിജയൻ (59), ഇയാളുടെ മകളിൽ നിതീഷിനു ജനിച്ച അഞ്ചുദിവസമായ ആൺകുഞ്ഞ് എന്നിവരെ കൊലപ്പെടുത്തിയെന്നാണു കേസ്. കൊല്ലപ്പെട്ടതു വിജയനാണെന്നതിനു തെളിവില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം, ഇരട്ടക്കൊലപാതകക്കേസിൽ നിതീഷിനൊപ്പം പ്രതിചേർക്കപ്പെട്ട വിഷ്ണുവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയില്ല. മോഷണശ്രമത്തിനിടെ പരുക്കേറ്റു കോട്ടയത്തു ചികിത്സയിലായിരുന്ന വിഷ്ണുവിനെ പീരുമേട് സബ് ജയിലിലേക്കു മാറ്റിയിരുന്നു. എന്നാൽ, ഇന്നലെ ഇയാളെ പീരുമേട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോഷണക്കേസിൽ ‘ദൃശ്യം’ മോഡൽ അടവ്
ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നിതീഷ്, മോഷണക്കേസിൽ പിടിയിലായപ്പോൾ ബസ് ടിക്കറ്റ് കാട്ടി പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചെന്നു സൂചന. താൻ മോഷണസമയത്തു സ്ഥലത്തില്ലായിരുന്നുവെന്നു തെളിയിക്കാനാണു നിതീഷ് ബസ് ടിക്കറ്റ് പുറത്തെടുത്തത്. കട്ടപ്പനയിലെ വർക്‌ഷോപ്പിൽ വിഷ്ണു മോഷണത്തിനു കയറിയപ്പോൾ നിതീഷ് പുറത്തു കാവൽനിന്നെന്നാണു പൊലീസ് പറയുന്നത്. വർക്‌ഷോപ് ഉടമയുടെ മകനും സുഹൃത്തും ചേർന്നു വിഷ്ണുവിനെ പിടിച്ചതോടെ അവിടെ നിന്നു കടന്നുകളഞ്ഞ നിതീഷിനെ പൊലീസ് പിന്നീടാണു കണ്ടെത്തിയത്. എന്നാൽ, എറണാകുളത്തുനിന്ന് അന്നാണു താൻ എത്തിയതെന്നു വ്യക്തമാക്കി ബസ് ടിക്കറ്റ് കാട്ടി രക്ഷപ്പെടാൻ നിതീഷ് ശ്രമിച്ചു. പക്ഷേ, വിഷ്ണുവിനെ ഇയാൾ ഫോണിൽ വിളിച്ചെന്ന തെളിവു കിട്ടിയതോടെ പൊലീസ് പിടികൂടുകയായിരുന്നു. ‘ദൃശ്യം’ സിനിമയിലും ബസ് ടിക്കറ്റ് കാട്ടി രക്ഷപ്പെടാൻ ശ്രമം നടത്തുന്ന രംഗങ്ങളുണ്ട്.