നിർണായക രേഖകൾ വേറെയും കാണാതായി; രേഖകൾ നഷ്ടപ്പെട്ട കേസുകളിൽ വിചാരണ നടപടികൾ മുടങ്ങും
Mail This Article
കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ നിർണായക പ്രോസിക്യൂഷൻ രേഖകൾ കാണാതായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു കൂടുതൽ രേഖകൾ നഷ്ടപ്പെട്ടു. ഏതു കാലഘട്ടത്തിലാണു രേഖകൾ കോടതിയിൽ നിന്നു നഷ്ടപ്പെട്ടതെന്നു കണ്ടെത്താൻ ശ്രമം തുടങ്ങി. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ), ലഹരി പദാർഥ നിരോധന നിയമം (എൻഡിപിഎസ്) എന്നിവ പ്രകാരം റജിസ്റ്റർ ചെയ്തു കുറ്റപത്രം സമർപ്പിച്ച കേസുകളിലെ രേഖകൾ അടക്കം നഷ്ടപ്പെട്ടതായി സംശയിക്കുന്നു.
രാഷ്ട്രീയ ശ്രദ്ധനേടിയ കേസായതിനാൽ അഭിമന്യു വധക്കേസിൽ കോടതിയിൽ നിന്നു നഷ്ടപ്പെട്ട മുഴുവൻ രേഖകളുടെയും ഒന്നിലധികം പകർപ്പ് പ്രോസിക്യൂഷന്റെ കൈവശമുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം ഇവയെല്ലാം അസ്സൽ രേഖകളായി പരിഗണിക്കാനും വിചാരണ നടപടികൾ തുടരാനും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കു കഴിയും.
എന്നാൽ കൂടുതൽ രേഖകൾ നഷ്ടപ്പെട്ടതായി കരുതുന്ന യുഎപിഎ, എൻഡിപിഎസ് കേസുകളുടെ കാര്യം അങ്ങനെയല്ല. രേഖകൾ നഷ്ടപ്പെട്ട കേസുകളിൽ വിചാരണ നടപടികൾ മുടങ്ങും. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു ഗൗരവമുള്ള ക്രിമിനൽ കേസുകളുടെ രേഖകൾ നഷ്ടപ്പെട്ട വിവരം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് അഭിഭാഷക സംഘടനകളുടെ ആവശ്യം.
അഭിമന്യു വധക്കേസിലെ രേഖകൾ നഷ്ടപ്പെട്ടതായി വ്യക്തമാകുന്നത് 2022 അവസാനമാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നേതാക്കളും പ്രവർത്തകരും പ്രതികളായ കേസുകളുടെ രേഖകൾ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് ശേഖരിച്ചിരുന്നു.