ADVERTISEMENT

തൃശൂർ ∙ പ്രഭാഷണത്തിനു പോയിട്ട് വണ്ടിക്കൂലി പോലും കിട്ടിയില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പരാതി പറഞ്ഞ സാർവദേശീയ സാഹിത്യോത്സവത്തിൽ സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയവർക്കുള്ള വിമാനക്കൂലി ഇനത്തിൽ സാഹിത്യ അക്കാദമി ചെലവാക്കിയത് 7,03,039 രൂപ. ചുള്ളിക്കാടിന് 2400 രൂപ മാത്രം നൽകിയത് വിവാദമായിരുന്നു. വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണു ചെലവുവിവരം അക്കാദമി വ്യക്തമാക്കിയത്. 

4.83 ലക്ഷം രൂപയ്ക്ക് അതിഥികൾക്ക് വിമാനടിക്കറ്റ് എടുത്തുനൽകിയെന്നും 2.19 ലക്ഷം രൂപ അതിഥികൾ സ്വന്തമായി ടിക്കറ്റ് എടുത്ത വകയിൽ മടക്കി നൽകിയെന്നും പറയുന്നു. യാത്രച്ചെലവും ഓണറേറിയവുമായി 8.10 ലക്ഷം രൂപ അതിഥികൾക്കു നൽകിയിട്ടുണ്ട്. ഇതിൽ പെടുന്നതാണ് ചുള്ളിക്കാടിന് നൽകിയ 2400 രൂപയും. കുമാരനാശാന്റെ ‘കരുണ’ എന്ന കാവ്യത്തെക്കുറിച്ചു 2 മണിക്കൂർ സംസാരിച്ച തനിക്കു വെറും 2400 രൂപയാണു പ്രതിഫലമായി നൽകിയതെന്ന് ചുള്ളിക്കാട് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.

ഓഫിസിൽ സംഭവിച്ച പിഴവാണിതെന്ന് പിന്നീട് അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദനും ചുള്ളിക്കാടിന്റെ പരാതിയിൽ കാര്യമുണ്ടെന്ന് മന്ത്രി സജി ചെറിയാനും തൊട്ടുപിന്നാലെ പ്രതികരിക്കുകയും ചെയ്തു. അതിഥികൾക്ക് ട്രെയിൻ ടിക്കറ്റ് ഇനത്തിൽ 11,900 രൂപ ചെലവായതായി അക്കാദമിയുടെ മറുപടിയിൽ പറയുന്നു. കലാപരിപാടികൾക്കായി 7.50 ലക്ഷം രൂപയാണ് ചെലവ്. ജനുവരി 28 മുതൽ‌ ഫെബ്രുവരി 4 വരെയായിരുന്നു സാഹിത്യോത്സവം. തൃക്കൂർ ‘സരോജ’ത്തിൽ കെ.ദിനകരനാണ് വിവരാവകാശ നിയമപ്രകാരം ചെലവു വിവരങ്ങൾ ആവശ്യപ്പെട്ടത്. 

English Summary:

Sahitya Akademi literature festival travel fare issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com