അഭിമന്യു വധക്കേസ്: രേഖകൾ കാണാതായതിൽ അന്വേഷണം; പിന്നിൽ റാക്കറ്റ് സാന്നിധ്യമെന്ന് സംശയം
Mail This Article
കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം.അഭിമന്യു വധക്കേസിന്റെ നിർണായക രേഖകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു കാണാതായ സംഭവത്തിൽ അന്വേഷണം തുടങ്ങി. മുതിർന്ന ജുഡീഷ്യൽ ഓഫിസറുടെ മേൽനോട്ടത്തിലാണ് അന്വേഷണം. സെൻട്രൽ പൊലീസ് റജിസ്റ്റർ ചെയ്ത യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം), എൻഡിപിഎസ് (ലഹരി പദാർഥ നിരോധന നിയമം) കേസുകളിലെ രേഖകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
ഇതേ കോടതി സമുച്ചയത്തിലെ അഡീ.സെഷൻസ് കോടതിയിൽ വിചാരണ നടക്കുന്ന എൻഡിപിഎസ് കേസിന്റെ സുപ്രധാന രേഖയിൽ തിരുത്തൽ വരുത്തിയതായി വിചാരണയ്ക്കിടയിൽ കണ്ടെത്തിയിരുന്നു. ഇത്തരം അട്ടിമറികൾ എൻഡിപിഎസ് കേസുകളുടെ വിചാരണ പ്രതിഭാഗത്തിന് അനുകൂലമാക്കും. കോവിഡ് ലോക്ഡൗൺ കാലത്തിനു ശേഷമാണു കോടതി രേഖകളിൽ ഇത്തരം അട്ടിമറികൾ ശ്രദ്ധയിൽപെട്ടത്.
നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതും ഇതേ കോടതിയുടെ സേഫ് കസ്റ്റഡിയിലിരിക്കുമ്പോഴാണ്.
അഭിമന്യു വധക്കേസിലും നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലും കോടതി രേഖകൾ സേഫ് കസ്റ്റഡിയിലുള്ള ഘട്ടത്തിൽ പോലും ക്രമക്കേടു നടന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. നഷ്ടപ്പെടുന്ന രേഖകളുടെയും തിരുത്തൽ ശ്രദ്ധയിൽപെട്ട രേഖകളുടെയും പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഇത്തരം ക്രമക്കേടുകളുടെ പിന്നിൽ ഒരു റാക്കറ്റിന്റെ സാന്നിധ്യം നിയമവിദഗ്ധർ സംശയിക്കുന്നുണ്ട്.