വിസിമാരെ പുറത്താക്കിയ ഉത്തരവ് തിങ്കളാഴ്ച വരെ നടപ്പാക്കരുതെന്നു ഹൈക്കോടതി
Mail This Article
കൊച്ചി ∙ കാലിക്കറ്റ്, സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കിയ ചാൻസലറുടെ ഉത്തരവു തിങ്കളാഴ്ച വരെ നടപ്പാക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു. കാലിക്കറ്റ് വിസി ഡോ. എം.കെ.ജയരാജ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വിസി ഡോ. എം.വി.നാരായണൻ എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഉത്തരവ്. ഹർജികളിലെ ഇടക്കാലാവശ്യത്തിന്മേൽ വാദം പൂർത്തിയായില്ല. തുടർന്ന് കേസ് തിങ്കളാഴ്ചത്തേക്കു മാറ്റിയ സാഹചര്യത്തിലാണ് ഈ നിർദേശം.
നിയമനം യുജിസി ചട്ടത്തിന് അനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടി ചാൻസലർ കൂടിയായ ഗവർണർ ഇവരുടെ നിയമനം മാർച്ച് 7ന് അസാധുവാക്കിയിരുന്നു. പുറത്താക്കിയാലും അപ്പീൽ പോകാൻ 10 ദിവസത്തെ സമയം അനുവദിക്കണമെന്നു ഹൈക്കോടതിയുടെ നിർദേശം ഉണ്ടായിരുന്നതിനാൽ പകരം ആർക്കും ചുമതല നൽകിയിരുന്നില്ല. ഈ സമയപരിധി ഞായറാഴ്ച തീരുന്നതു കൂടി കണക്കിലെടുത്താണ് ഉത്തരവു നടപ്പാക്കരുതെന്ന നിർദേശം.
സാങ്കേതിക സർവകലാശാലാ മുൻ വിസി ഡോ. എം.എസ്.രാജശ്രീയുടെ നിയമനം അസാധുവാക്കിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. എന്നാൽ രാജശ്രീ കേസിലെ തത്വം തങ്ങളുടെ കാര്യത്തിൽ ബാധകമല്ലെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഒരിക്കൽ നിയമനം നടത്തി കഴിഞ്ഞാൽ ചാൻസലർക്ക് അതു പുനഃപരിശോധിക്കാനാകില്ലെന്നും തന്റെ ഔദ്യോഗിക കാലാവധി കഴിയാൻ ഇനി 4 മാസമേ ഉള്ളു എന്നും കാലിക്കറ്റ് സർവകലാശാല വിസി ഹർജിയിൽ ചൂണ്ടിക്കാട്ടി.
സിലക്‌ഷൻ കമ്മിറ്റിയിലുണ്ടായിരുന്ന ചീഫ് സെക്രട്ടറി അക്കാദമിക് രംഗത്തു മികവുള്ള വ്യക്തിയാണെന്നും കാലിക്കറ്റ് വിസിയുടെ ചുമതല വഹിച്ചിട്ടുണ്ടെന്നും വിശദീകരിച്ചു. തെറ്റായ നടപടിയുടെ പേരിലല്ലാതെ പിരിച്ചുവിടാൻ സർവകലാശാല നിയമത്തിൽ വ്യവസ്ഥയില്ലെന്നും വാദിച്ചു.
വിസി നിയമനത്തിനു പാനൽ നൽകാതെ ഒരാളെ മാത്രം നിർദേശിച്ചു എന്ന കാരണം പറഞ്ഞാണു സംസ്കൃത സർവകലാശാല വിസിയെ പുറത്താക്കിയത്. എന്നാൽ 7 പേരെ പരിഗണിച്ച ശേഷം യോഗ്യനെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തന്റെ പേരു ശുപാർശ ചെയ്തതെന്നു വിസി വാദിച്ചു. ഒരു പേരു മാത്രമാണ് ഉള്ളതെന്നു ഗവർണർ അന്ന് കത്തിലൂടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സേർച് കമ്മിറ്റി യോഗം ചേർന്നു 3 പേരുടെ പാനൽ അയയ്ക്കാൻ തീരുമാനിച്ചെങ്കിലും അതിനുള്ളിൽ നിയമനം നൽകുകയായിരുന്നു എന്നും അറിയിച്ചു. എന്നാൽ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നും ഹർജി നിലനിൽക്കില്ലെന്നും ചാൻസലറുടെ അഭിഭാഷകൻ വാദിച്ചു. ചാൻസലറുടെ ഉത്തരവു സ്റ്റേ ചെയ്യണമെന്നാണു ഹർജികളിൽ ഇടക്കാലാവശ്യം.