രാജേന്ദ്രനെ അനുനയിപ്പിക്കാൻ സിപിഎം ‘സീനിയേഴ്സ് ’; ഇന്ന് എൽഡിഎഫ് കൺവൻഷനിൽ പങ്കെടുത്തേക്കും
Mail This Article
മൂന്നാർ ∙ സിപിഎം വിട്ടു ബിജെപിയിലേക്കു പോകുമെന്ന അഭ്യൂഹം നിലനിൽക്കെ, പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ അനുനയിപ്പിക്കാൻ സീനിയർ നേതാക്കൾ രംഗത്തിറങ്ങി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ.ജയചന്ദ്രൻ, ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, എം.എം.മണി എംഎൽഎ എന്നിവരാണ് ഇന്നലെ മൂന്നാറിലെ രഹസ്യകേന്ദ്രത്തിൽ രാജേന്ദ്രനുമായി രണ്ടുമണിക്കൂറോളം ചർച്ച നടത്തിയത്. രാജേന്ദ്രനെ അനുനയിപ്പിക്കാനായി എന്നാണു വിവരം.
നേരത്തേ സിപിഎം പ്രാദേശിക നേതാക്കൾ രാജേന്ദ്രനു വീട്ടിലെത്തി പാർട്ടി അംഗത്വ ഫോം കൈമാറിയിരുന്നു. സീനിയർ നേതാവായ തന്നെ അനുനയിപ്പിക്കാൻ ജൂനിയർ നേതാക്കളെ വിട്ടത് തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അന്നു രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.
ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ പ്രചാരണാർഥം ഇന്നു 11നു പഴയ മൂന്നാറിൽ നടക്കുന്ന ദേവികുളം നിയോജക മണ്ഡലം കൺവൻഷനിൽ രാജേന്ദ്രൻ പങ്കെടുക്കുമെന്നും പാർട്ടി സ്വീകരണം നൽകുമെന്നുമാണു സൂചന.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയിട്ടില്ല.