ഇന്ന് കേരളം മുഴുവൻ ഒറ്റ ദിന വോട്ടെടുപ്പ്; അന്ന് കൊല്ലം – മാവേലിക്കരയിൽ നാലു ഘട്ടം
Mail This Article
1951–52ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കൊല്ലം – മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലത്തിൽ നാലു ഘട്ടമായിട്ടാണ് വോട്ടെടുപ്പു നടന്നത്. ഇന്നു കേരളം മുഴുവൻ ഒറ്റ ദിവസം പോളിങ് നടക്കുമ്പോൾ ഇതു വിശ്വസിക്കാൻ പ്രയാസം തോന്നാം.
ലോക്‌സഭയിലേക്കും തിരുവിതാംകൂർ–കൊച്ചി നിയമസഭയിലേക്കും ഒരുമിച്ചായിരുന്നു തിരഞ്ഞെടുപ്പ്. അന്നത്തെ കൊല്ലം ജില്ലയിലെ ചെങ്കോട്ട, കുന്നത്തൂർ, മാവേലിക്കര, കരുനാഗപ്പള്ളി താലൂക്കുകളും കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, തിരുവല്ലാ, കാർത്തികപ്പള്ളി താലൂക്കുകളുടെ ഭാഗങ്ങളും ചേർന്നതായിരുന്നു കൊല്ലം – മാവേലിക്കര ലോക്‌സഭാ മണ്ഡലം. തിരു–കൊച്ചിയിലെ ഏക ലോക്‌സഭാ ദ്വയാംഗ നിയോജകമണ്ഡലമായിരുന്നു ഇത്. മൂന്നു ദ്വയാംഗ നിയോജകമണ്ഡലങ്ങൾ ഉൾപ്പെടെ പതിനഞ്ച് നിയമസഭാ നിയോജകമണ്ഡലങ്ങളാണ് കൊല്ലം – മാവേലിക്കരയിലുണ്ടായിരുന്നത്.
പട്ടാഴി, കുന്നത്തൂർ (ദ്വയാംഗം), ചെങ്ങന്നൂർ (ദ്വയാംഗം) എന്നീ നിയമസഭാ മണ്ഡലങ്ങളിൽ 1951 ഡിസംബർ 13 നും ഭരണിക്കാവ് (ദ്വയാംഗം), മാവേലിക്കര, മുതുകുളം എന്നീ നിയമസഭാമണ്ഡലങ്ങളിൽ 14നും പെരിനാട്, കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട എന്നിവിടങ്ങളിൽ 17നും ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, പുതുപ്പള്ളി എന്നിവിടങ്ങളിൽ 18നുമായിരുന്നു വോട്ടെടുപ്പ്. അത്തവണ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശതമാനം (92. 6) പോളിങ് നടന്ന നിയമസഭാമണ്ഡലമാണ് ഭരണിക്കാവ് ദ്വയാംഗ മണ്ഡലം.
ചിറയിൻകീഴ്, മീനച്ചിൽ ലോക്‌സഭാ മണ്ഡലങ്ങളിൽ മൂന്നു ഘട്ടമായിട്ടും തിരു–കൊച്ചിയിലെ ശേഷിച്ച എട്ടു ലോക്‌സഭാ മണ്ഡലങ്ങളിൽ രണ്ടു ഘട്ടമായിട്ടുമായിരുന്നു പോളിങ്. 1951 ഡിസംബർ പത്തിനും 1952 ജനുവരി അഞ്ചിനുമിടയിലുള്ള 14 ദിവസങ്ങളിലായിട്ടായിരുന്നു തിരു–കൊച്ചിയിലെ വോട്ടെടുപ്പ്. മലബാർ ഉൾപ്പെട്ട മദ്രാസ് സംസ്ഥാനത്തെ വോട്ടെടുപ്പ് 1952 ജനുവരി 2 മുതൽ 25 വരെയുള്ള 9 ദിവസങ്ങളിലായിരുന്നു. ജനുവരി 2, 8, 12, 16, 21 തീയതികളിലായിരുന്നു മലബാറിലെ പോളിങ്.
തിരു–കൊച്ചി നിയമസഭയിലേക്ക് 1954 ഫെബ്രുവരിയിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പ് എട്ടു ഘട്ടമായിട്ടും കേരളത്തിൽ 1957ലെ പൊതു തിരഞ്ഞെടുപ്പ് ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് ആറു ഘട്ടമായിട്ടുമാണ് നടന്നത്. 2006ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് മൂന്നു ഘട്ടമായിട്ടു നടന്നു. 1971ലെയും 1980ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ രണ്ടു ഘട്ടമായിട്ടാണു നടന്നത്. പക്ഷേ, അപ്പോഴെല്ലാം ഒരു നിയോജകമണ്ഡലത്തിലെ പോളിങ് ഒറ്റ ദിവസം കൊണ്ടു തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.
∙ ഫലമറിയാൻ നീണ്ട കാത്തിരിപ്പ് 39 ദിവസം
ഇത്തവണ കേരളത്തിൽ വോട്ടെടുപ്പു നടന്ന് (ഏപ്രിൽ 26) 39 ദിവസത്തിനു ശേഷമാണ് വോട്ടെണ്ണൽ (ജൂൺ 4). ഏറ്റവും ദീർഘമായ കാത്തിരുപ്പാണിത്. ഇതിനു മുൻപ് ദീർഘമായ കാത്തിരുപ്പ് (36 ദിവസം) 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലായിരുന്നു.
2009, 2019വർഷങ്ങളിൽ ലോക്സഭയിലേക്കും 2011ൽ കേരള നിയമസഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളുടെയും ഫലമറിയാൻ 30 ദിവസം കാത്തിരിക്കേണ്ടി വന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പു നടന്ന് 26 ദിവസത്തിനു ശേഷമാണ് വോട്ടെണ്ണൽ നടന്നത്. നിയമസഭയിലേക്ക് 3 ഘട്ടമായി വോട്ടെടുപ്പു നടന്ന 2006ൽ ആദ്യഘട്ടക്കാർ 19, അവസാനഘട്ടക്കാർ 8 എന്നിങ്ങനെ ദിവസങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്. 1999ൽ 25, 1996ൽ 11 ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. 1960 മുതൽ മറ്റവസരങ്ങളിൽ വോട്ടെണ്ണൽ തുടങ്ങാൻ 4 ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്നിട്ടില്ല; മിക്കവാറും പിറ്റേന്നു തന്നെ വോട്ടണ്ണൽ നടക്കുമായിരുന്നു. സമീപകാലത്തു നടന്ന ലോക്സഭ (2004), നിയമസഭ (2001, 2016) തിരഞ്ഞെടുപ്പുകൾക്ക് 3 ദിവസം മാത്രമായിരുന്നു കാത്തിരുപ്പ്.
∙ നേരത്തെ പോളിങ് തീരും മുൻപേ കൗണ്ടിങ് !
ഇന്ന് രാജ്യം മുഴുവൻ പോളിങ് പൂർത്തിയായതിനു ശേഷമാണ് കൗണ്ടിങും ഫലപ്രഖ്യാപനവും നടത്തുന്നത്. എന്നാൽ നേരത്തെ പോളിങ് തീരും മുൻപേ തന്നെ കൗണ്ടിങും ഫലപ്രഖ്യാപനവും നടന്നിരുന്നു.
1951–52ൽ ഒന്നാം ലോക്‌സഭയിലേക്കും തിരുവിതാംകൂർ–കൊച്ചി നിയമസഭയിലേക്കും ഒരുമിച്ചായിരുന്നു തിരഞ്ഞെടുപ്പ്. 14 ഘട്ടങ്ങളായി പോളിങും ഇതിനിടയിൽ തന്നെ കൗണ്ടിങും ഫലപ്രഖ്യാപനവും നടത്തി. മലബാർ ഉൾപ്പെട്ട മദ്രാസിലും ഇതുപോലെയായിരുന്നു. രണ്ടാം ലോക്‌സഭയിലേക്കും ഒന്നാം കേരള നിയമസഭയിലേക്കും 1957ൽ 6 ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിലും വോട്ടെടുപ്പിനിടയിൽ തന്നെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തി.
അതേസമയം തിരുവിതാംകൂർ–കൊച്ചി നിയമസഭയിലേക്ക് 1954ൽ 8 ഘട്ടമായി നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ അവസാനഘട്ട പോളിങിന്റെ പിറ്റേന്നായിരുന്നു കൗണ്ടിങും ഫലപ്രഖ്യാപനവും തുടങ്ങിയത്. ഒരു മണ്ഡലത്തിലെ ഫലപ്രഖ്യാപനം മറ്റു മണ്ഡലങ്ങളിലെ പോളിങിനെ ബാധിക്കാതിരിക്കാനായിരുന്നു ഈ ക്രമീകരണം.
1960 മുതൽ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം പോളിങ് പൂർത്തിയായതിനു ശേഷം മാത്രമേ കൗണ്ടിങും ഫലപ്രഖ്യാപനവും നടത്തിയിട്ടുള്ളൂ. 1962 മുതൽ കേരളത്തിൽ നടന്നിട്ടുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ഇങ്ങനെ തന്നെയായിരുന്നു. 1967ൽ അഖിലേന്ത്യാ തലത്തിലുള്ള വോട്ടെടുപ്പ് പൂർത്തിയാകുന്നതിനു മുൻപു തന്നെ കേരളത്തിൽ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തിയെന്നു മാത്രം. 1971, 1977, 1980, 1984, 1989 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ അവസാന ഘട്ട വോട്ടെടുപ്പു ദിവസം തന്നെ വോട്ടെണ്ണൽ നടന്നെങ്കിലും വോട്ടെടുപ്പ് തീർന്നതിനു ശേഷം മാത്രമാണ് ഫലപ്രഖ്യാപനം നടത്തിത്തുടങ്ങിയത്.
പിന്നീടുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെല്ലാം പോളിങ് തീർന്നതിനു ശേഷം മറ്റൊരു ദിവസമാണ് കൗണ്ടിങ് നടത്തിയിട്ടുള്ളത്. കേരളത്തിൽ 1971, 1980 ലോക്സഭാ തിരഞ്ഞെടുപ്പുകൾ 2 ഘട്ടമായിട്ടാണ് നടന്നത്.
തിരുവിതാംകൂർ നിയമസഭയിലേക്ക് 1948 ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളായിട്ടായിരുന്നു. ഓരോ ദിവസത്തെയും പോളിങ് കഴിയുമ്പോൾ തന്നെ കൗണ്ടിങും ഫലപ്രഖ്യാപനവും നടത്തിയിരുന്നു. 1948 സെപ്റ്റംബർ 8, 11 തീയതികൾ നടന്ന കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങിനു ശേഷമായിരുന്നു കൗണ്ടിങ്.
∙ ശ്രീകണ്‌ഠൻ നായർക്ക് ഇരട്ട വിജയം
കൊല്ലം – മാവേലിക്കരയിൽ എട്ടു സ്‌ഥാനാർത്ഥികൾ മത്സരിച്ചു. ജനറൽ സീറ്റിൽ എൻ. ശ്രീകണ്‌ഠൻ നായരും (ആർഎസ്‌പി) റിസർവേഷൻ സീറ്റിൽ ആർ. വേലായുധനും (സ്വതന്ത്രൻ) വിജയിച്ചു. ഈ ലോക്‌സഭാമണ്ഡലത്തിലുൾപ്പെടുന്ന ചവറ നിയമസഭാ മണ്ഡലത്തിൽ ജയിച്ചതും എൻ. ശ്രീകണ്‌ഠൻ നായരാണ്. കേരളത്തിൽ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരേസമയം തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്‌തിയാണ് അദ്ദേഹം. 1952 ജനുവരി 25ന് നിയമസഭാംഗത്വം രാജിവച്ച് അദ്ദേഹം ലോക്‌സഭാംഗത്വം നിലനിർത്തി.