തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിക്കാൻ ‘ഓർഡർ’
Mail This Article
തിരുവനന്തപുരം ∙ സംഘടനാ നേതാക്കളുടെ ശുപാർശയുടെയും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും ബലത്തിൽ തിരഞ്ഞെടുപ്പു ജോലികളിൽ നിന്ന് ഒഴിവാകാനുള്ള സർക്കാർ ജീവനക്കാരുടെ പതിവു തന്ത്രങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫലിക്കാനിടയില്ല.
കാരണം ഇത്തവണ സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തിരഞ്ഞെടുക്കുക ‘ഓർഡർ’ എന്ന പോർട്ടൽ വഴിയാകും. മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തിരഞ്ഞെടുപ്പു ജോലികളിൽ നിന്ന് ഒഴിവാകാനാകൂ. ചീഫ് ഇലക്ടറൽ ഓഫിസറുടെ നിർദേശപ്രകാരം നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററാണ് പോർട്ടൽ തയാറാക്കിയത്.
ജീവനക്കാരുടെ വിവരങ്ങൾ ഓഫിസ് മേധാവികളാണ് പോർട്ടലിൽ ഉൾപ്പെടുത്തുക. ശാരീരിക പ്രയാസങ്ങൾ ഉള്ളവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റും ഇതോടൊപ്പം ചേർക്കണം. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാനുള്ള ചുമതല മേലധികാരികൾക്കാണ്. ജീവനക്കാരുടെ മുൻകാല പശ്ചാത്തലവും പരിഗണിക്കും.
ഓഫിസുകൾ സർക്കാർ മേഖലയിലാണോ എന്ന് ഉറപ്പാക്കാൻ പ്രഫഷനൽ നികുതി രേഖകളെ ആശ്രയിക്കും. തുടർന്ന് പോർട്ടൽ തന്നെ ജീവനക്കാരെ തിരഞ്ഞെടുക്കും. ഏതെങ്കിലും സർക്കാർ ഓഫിസുകളിലെ ജീവനക്കാരുടെ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്താൻ വിട്ടുപോയോ എന്ന് ഉറപ്പാക്കേണ്ടത് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും സെക്രട്ടറിമാരുടെ ചുമതലയാണ്. കലക്ടർമാർക്കാണു മേൽനോട്ടം.