കോഴ ആരോപണം പൊലീസിനോട് ആവർത്തിച്ച് എസ്എഫ്ഐ
Mail This Article
തിരുവനന്തപുരം ∙ കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ ആരോപണം പൊലീസിനു മുന്നിൽ വീണ്ടും ആവർത്തിച്ച് എസ്എഫ്ഐ. കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ ഇന്നലെ പൊലീസിനു നൽകിയ മൊഴിയിലാണ് ആത്മഹത്യ ചെയ്ത വിധികർത്താവ് പി.എൻ.ഷാജി ഉൾപ്പെടെ 3 പ്രതികളും കോഴ ഇടപാടുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിന്നത്. എസ്എഫ്ഐ കോഴ ആരോപണം ഉന്നയിച്ചിട്ടില്ലെന്നു കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് പി.എം.ആർഷോ പറഞ്ഞിരുന്നു.
സംഘാടകർ തെളിവായി നൽകിയ സ്ക്രീൻ ഷോട്ടുകൾ മാത്രമാണ് ഇതുവരെ പൊലീസിനു മുന്നിലുള്ളത്. പ്രതിചേർക്കപ്പെട്ട വിധികർത്താവ് പി.എൻ.ഷാജിയുടെയും നൃത്ത പരിശീലകരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ കോൾ വിവരങ്ങളും ലഭിച്ച ശേഷമേ വിശദമായി അന്വേഷണം നടക്കുകയുള്ളൂ. ആദ്യഘട്ടത്തിൽ മൊഴിയെടുക്കലാണ് നടക്കുന്നത്.
യുവജനോത്സവത്തിലെ സംഘർഷവും കോഴ ആരോപണവും വിധികർത്താവിന്റെ മരണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല അധികൃതർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു പകരം നിലവിൽ കന്റോൺമെന്റ് പൊലീസ് അന്വേഷിക്കുന്ന കോഴയുമായി ബന്ധപ്പെട്ട കേസിൽ ഈ വിഷയങ്ങൾ കൂടി ചേർത്ത് വിശദമായി അന്വേഷിക്കും. വിധികർത്താവിന്റെ മരണം സംബന്ധിച്ച് കണ്ണൂർ സിറ്റി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനാൽ അത് ഒഴിവാക്കിയാകും കന്റോൺമെന്റ് പൊലീസിന്റെ അന്വേഷണം.