സ്നേഹാദരങ്ങളുമായി പ്രിയപ്പെട്ടവർ; ശ്രീകുമാരൻ തമ്പിക്ക് ശതാഭിഷേകം
Mail This Article
തിരുവനന്തപുരം∙ പ്രിയപ്പെട്ടവരുടെ സ്നേഹാദരങ്ങൾക്കു നടുവിൽ, ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ശതാഭിഷേകം. ആയിരക്കണക്കിന് മധുര ഗീതങ്ങൾ മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരന്റെ ജീവിതം ആയിരം പൗർണമികളുടെ ശോഭയിലെത്തിയ 84–ാം ജന്മദിനം അദ്ദേഹം ആഘോഷിച്ചത് നഗര മധ്യത്തിലെ ശ്രീചിത്ര പുവർ ഹോമിലായിരുന്നു.
ചലച്ചിത്ര അക്കാദമിയും ശ്രീകുമാരൻ തമ്പി ഫൗണ്ടേഷനും ചേർന്നാണ് ആഘോഷം സംഘടിപ്പിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തിനിടെ 3 മുന്നണി സ്ഥാനാർഥികളും അദ്ദേഹത്തെ ആദരിക്കാൻ ഇവിടെ എത്തിയതോടെ സ്ഥാനാർഥികളുടെ സംഗമവേദി കൂടിയായി അത്. ആദര സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അടക്കമുള്ളവരും അതിഥികളായെത്തി.
ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനാർച്ചനയുമുണ്ടായിരുന്നു. പുവർ ഹോമിലെ അന്തേവാസികൾക്കൊപ്പം പിറന്നാൾ സദ്യയുമുണ്ടാണ് അദ്ദേഹം മടങ്ങിയത്. വീട്ടിൽ പ്രത്യേക പിറന്നാൾ ആഘോഷങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ഫോണിലും നേരിട്ടും ആശംസാപ്രവാഹമായിരുന്നു. ഗാനഗന്ധർവൻ യേശുദാസ് അടക്കമുള്ളവർ ആശംസ അറിയിച്ചു. രാവിലെ അദ്ദേഹം ക്ഷേത്രദർശനവും നടത്തി.